21 October Wednesday
ലക്ഷങ്ങൾ തട്ടാൻ കൊല്ലത്തും ഇടനിലക്കാർ

നീറ്റ് ഫലം വരുംമുമ്പ് സീറ്റ്‌ വാഗ്‌ദാനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
കൊല്ലം
നീറ്റ്‌ ‌പരീക്ഷാഫലം വരുംമുമ്പ്‌ സീറ്റ്‌ ഉറപ്പാക്കാമെന്നു‌ പറഞ്ഞ്‌ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ മറവിൽ ലക്ഷങ്ങൾ തട്ടാൻ കൊല്ലത്തും ഇടനിലക്കാർ രംഗത്ത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലും പ്രത്യേകിച്ച്‌ കൊല്ലത്തും മെഡിക്കൽ സീറ്റ്‌ വാഗ്‌ദാനം ചെയ്താണ്‌ രക്ഷിതാക്കൾക്ക്‌ ഫോൺ സന്ദേശം എത്തുന്നത്‌. എൻട്രൻസ്‌ കോച്ചിങ്‌ ക്ലാസിനു‌ ‌പോകുന്ന വിദ്യാർഥികളെയും പരീക്ഷ എഴുതിയവരെയും തേടിപ്പിടിച്ചാണ്‌ ഇക്കൂട്ടർ സീറ്റ്‌ വാഗ്‌ദാനംചെയ്യുന്നത്‌. സീറ്റ്‌ ഉറപ്പാണെന്നു‌ പറയുന്നതിൽ ‌ കോളേജ്‌ മാനേജ്‌മെന്റുകളുടെ ഒത്താശയും ഇക്കൂട്ടർക്കുണ്ട്‌‌. സ്വന്തം നാട്ടിൽ തന്നെയുള്ള കോളേജുകളിൽ പ്രവേശനംനൽകാമെന്നാണ്‌ ‌ചില ഇടനിലക്കാരുടെ വാഗ്‌ദാനം. ‌   
ഇതിൽ വീഴുന്ന രക്ഷിതാക്കളിൽനിന്ന്‌ എംബിബിഎസിന്‌ 15 മുതൽ 25 ലക്ഷംവരെയും  ബിഡിഎസിന്‌ ആറു മുതൽ 10‌ ലക്ഷം ‌വരെയും വാങ്ങി അവരുടെ സാന്നിധ്യത്തിൽ പണം കോളേജ്‌ അക്കൗണ്ടിൽ നിക്ഷേപിക്കും. തുടർന്ന്‌ സീറ്റ്‌ ഉറപ്പാണെന്നും കമീഷനായി രണ്ടു‌ മുതൽ നാലു‌ ലക്ഷം രൂപ വേണമെന്നും പറഞ്ഞ്‌ രക്ഷിതാക്കളെ സമ്മർദത്തിലാക്കും. ഒടുവിൽ എൻട്രൻസ്‌ കൗൺസലിങ്‌ തുടങ്ങുമ്പോൾ എൻആർഎ ക്വാട്ടയിലേ സീറ്റ്‌ ഉറപ്പാക്കാനാകൂവെന്നും  അതിനായി   എൻആർഐ സർട്ടിഫിക്കറ്റ്‌ തരപ്പെടുത്തണമെന്നും പറഞ്ഞ്‌ കോളേജ്‌ അധികൃതരുടെ നിർദേശവും വരും. അതിനകം കോളേജിൽ അടച്ചപണത്തിന്‌ പലിശയിനത്തിൽ തന്നെ വൻതുക കോളേജ്‌ അധികൃതരിൽ എത്തിയിട്ടുണ്ടാകും.  ഇത്തരത്തിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരിൽ ജില്ലയിലെ ചില ഡോക്ടർമാരും ഉള്ളതായി പരാതിയുണ്ട്‌. ഇതരസംസ്ഥാനങ്ങളിൽ മാനേജ്‌മെന്റ്‌ ക്വാട്ടയിൽ പ്രവേശനം ഉറപ്പാക്കാൻ 40 മുതൽ 80 ലക്ഷം വരെ തലവരിപ്പണം നൽകണമെന്നും ഇക്കൂട്ടർ പറയുന്നു.
രക്ഷിതാക്കൾ അറിയാൻ
മാനേജ്‌മെന്റ്‌ ക്വാട്ട നിലവിൽ ഇല്ല. മെറിറ്റ്‌ വഴി മാത്രമാണ്‌ പ്രവേശനം.  നീറ്റ്‌ റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടാൽ അർഹർക്ക്‌ സീറ്റ്‌ ഉറപ്പാണ്‌.  പണം നൽകിയുള്ള  പ്രവേശനത്തിന്‌ സാധ്യതയില്ല

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top