11 October Friday

അതിരുകളില്ലാതെ 
‘ബോർഡർ’ ചിക്കൻ

സനു കുമ്മിൾUpdated: Monday Aug 26, 2024

ചെങ്കോട്ട റഹ്മത്ത് പൊറോട്ട സ്റ്റാളിലെ ബോർഡർ ചിക്കൻ

തെങ്കാശി
‘പൊരിച്ച കോഴീന്റെ മണം....’ കിലുക്കം സിനിമയിലെ ഈ ഡയലോഗ് മലയാളി മറന്നിട്ടുണ്ടാകില്ല. എന്നാൽ, സദാനേരവും പൊരിച്ചകോഴിയുടെ മണം പരക്കുന്ന ഒരിടമുണ്ട് കേരള –-തമിഴ്നാട് അതിർത്തിയിൽ. ബോർഡർ ചിക്കൻ എന്ന പേരിൽ പ്രശസ്തമായ ചെങ്കോട്ടയിലെ റഹ്മത്ത് പൊറോട്ട സ്റ്റാൾ. മലയാളി ഭക്ഷണ പ്രേമികളുടെ കൂടി ഇഷ്ടയിടമായ ഇവിടെ പൊറോട്ടയും ബിരിയാണിയുമാണ് മുഖ്യം. പക്ഷേ, കൂടെ വിളമ്പുന്ന ചിക്കൻ തിരക്കിയാണ് അതിർത്തി കടന്നും ആളെത്തുന്നത്. നാട്ടുകോഴി 65, പിച്ചിയ കോഴി. പൊരിച്ച കോഴി തുടങ്ങി വിവിധ രുചികളിലാണ് "ബോർഡർ ചിക്കൻ’ വിളമ്പുന്നത്. തനിനാടന്‍ ശൈലിയിലുള്ള ഭക്ഷണമാണെങ്കിലും രുചിയില്‍ സകലതിനെയും പിന്നിലാക്കും.
1974ലാണ് ചെങ്കോട്ട സ്വദേശി മുഹമ്മദ് ഹസൻ റഹ്മത്ത് എന്ന പേരിൽ ഭക്ഷണശാല ആരംഭിച്ചത്. ഇന്നിപ്പോൾ ഹസന്റെ മക്കളായ ഖനിയും ഷെയ്ക്കുമാണ് ഹോട്ടലിന്റെ നടത്തിപ്പുകാരും ഉടമകളും. ഏത് നേരത്ത് കയറിച്ചെന്നാലും ഷീറ്റുമേഞ്ഞ കെട്ടിടത്തിനു മുന്നിൽ വൻതിരക്കാണ്‌. ദിവസവും ആയിരക്കണക്കിന് പൊറോട്ടയും നൂറുകണക്കിന് കോഴികളും വിൽക്കുന്ന സ്ഥാപനത്തിൽ ഒരു കസേര ഒഴിഞ്ഞുകിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണം. ഇരുന്നുകഴിഞ്ഞാൽ മുന്നിൽ വാഴയിലയിടും. മെനു കാർഡൊന്നും പ്രതീക്ഷിക്കരുത്. സപ്ലെയർ വന്ന് വിഭവങ്ങളുടെ പേരുകൾ ഇടതടവില്ലാതെ പറയും. മല്ലി, പെരുംജീരകം, ജീരകം, വറ്റൽമുളക് എന്നിവ അരച്ചുചേർത്ത മസാലയും വെളിച്ചെണ്ണയുമാണ് ബോർഡർ ചിക്കന്റെ രുചിക്കൂട്ട്. വിശാലമായ അടുക്കളയിലാണ് പാചകം. ഡസനോളം തൊഴിലാളികളാണ് മേശയ്ക്ക് ചുറ്റുംനിന്ന് പൊറോട്ട അടിക്കുന്നത്. ഒരേസമയം അമ്പതിലേറെ പൊറോട്ട വലിയ കല്ലിൽക്കിടന്ന് പാകമാകും. കഴിച്ചവർ വീണ്ടും വീണ്ടുമെത്തുന്നതുകൊണ്ടാണ് ഈ തിരക്കെന്നും മലയാളികൾ ഭക്ഷണത്തിനായി എത്താത്ത ദിവസമില്ലെന്നും ഉടമകൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top