16 September Monday

ജില്ലയില്‍ 5 വില്ലേജുകള്‍ പ്രളയബാധിതം

സ്വന്തം ലേഖകന്‍Updated: Monday Aug 26, 2019
 
കൊല്ലം
ജില്ലയിൽ അഞ്ചുവില്ലേജുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ചു. കുന്നത്തൂർ താലൂക്കിലെ ശൂരനാട് സൗത്ത്, ശൂരനാട് നോർത്ത്, പടിഞ്ഞാറെ കല്ലട, കരുനാഗപ്പള്ളി താലൂക്കിലെ പാവുമ്പ, തൊടിയൂർ എന്നിവയാണ്‌ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചത്. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം നേരിട്ട പ്രദേശങ്ങളാണിവ. 
പള്ളിക്കലാർ കരകവിഞ്ഞതാണ്‌ ഈ പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണം. കാർഷികമേഖലയായ അഞ്ചു വില്ലേജുകളിലായി 159.99 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. വാഴ,  തെങ്ങ്,  മരച്ചീനി, പച്ചക്കറി, കുരുമുളക്, നെല്ല്, വെറ്റില, കിഴങ്ങു വർഗങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചിട്ടുള്ള സ്ഥലങ്ങൾ വിവിധവകുപ്പ്‌ ഉദ്യോഗസ്ഥർ സന്ദർശിച്ച്   വിവരശേഖരണം നടത്തി. ബന്ധപ്പെട്ട തഹസിൽദാർമാർ കലക്ടർക്ക് റിപ്പോർട്ട് നൽകി. കലക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചശേഷമാണ് അഞ്ചു വില്ലേജുകളെ പ്രളയബാധിത പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രളയബാധിത വില്ലേജുകളിൽ ഉൾപ്പെട്ട വായ്പക്കാർക്ക്  മൊറട്ടോറിയം കാലാവധി നീട്ടി ലഭിക്കും. പുതിയ കാർഷിക വായ്പകളുടെ  നടപടിക്രമങ്ങൾ വേഗത്തിലാകും. വീട് പുനർനിർമാണസഹായം ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കും. മഴക്കെടുതിയിൽ ജില്ലയിലെ കാർഷിക മേഖലയിൽ ഇതുവരെ 15കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്‌. 2086 കർഷകരുടെ കൃഷി നശിച്ചതായാണ് ആദ്യറിപ്പോർട്ടിലുള്ളത്. 2018ൽ ജില്ലയിലെ 59 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top