10 August Monday
2 മേൽപ്പാലം, നാലുവരിപ്പാത

ദേശീയപാതയിലെ വികസന പ്രവർത്തനം ഒരേസമയം തുടങ്ങും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
കൊല്ലം
ദേശീയപാത 744ൽ കോയിക്കൽ–-കരിക്കോട് പാത വികസനവും കുണ്ടറ പള്ളിമുക്ക് മേൽപ്പാലവും ഫ്ലൈഓവറും രണ്ടുഭാഗങ്ങളാക്കി ഒരേസമയം നിർമാണം ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പാത വികസനം, ഫ്ലൈഓവർ നിർമാണം, റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമാണം വേഗത്തിലാക്കാൻ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  
കോയിക്കൽ–- കരിക്കോട് ജങ്‌ഷൻ പാത നാലുവരിയാക്കാൻ 280.15 കോടി രൂപയുടെയും കുണ്ടറ പള്ളിമുക്കിൽ പുതിയ റെയിൽവേ മേൽപ്പാലവും ഫ്ലൈഓവറിനുമായി 166.85 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. കിഫ്ബി ഫണ്ട് ലഭ്യമാക്കി പദ്ധതി പൂർത്തീകരിക്കും. കാലതാമസം ഒഴിവാക്കാനാണ്‌ പ്രോജക്ടിനെ രണ്ടുഭാഗങ്ങളായി തിരിച്ചത്‌. കുണ്ടറ പള്ളിമുക്ക് ജങ്‌ഷൻ ഫ്ലൈഓവറും റെയിൽവേ മേൽപ്പാലവും ഒരുഭാഗവും കോയിക്കൽ ജങ്‌ഷൻ മുതൽ കരിക്കോട് വരെയുള്ള നാലുവരിപ്പാത മറ്റൊരു ഭാഗവുമാണ്‌. 
പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി പ്രത്യേക സ്റ്റിയറിങ്‌ കമ്മിറ്റി രൂപീകരിക്കും. തീരദേശവികസന കോർപറേഷൻ മാനേജിങ്‌ ഡയറക്ടർ ഷേഖ് പരീത്, റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ ബീന, ദേശീയപാത സൂപ്രണ്ടിങ്‌ എൻജിനിയർ ജി ഉണ്ണികൃഷ്ണൻ, സ്പെഷ്യൽ തഹസിൽദാർ അനിൽ ഫിലിപ്പ്, ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർ കെ എ ജയ, കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജ് പ്രിൻസിപ്പൽ ടി എ ഷാഹുൽ ഹമീദ് എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും. 
മേൽപ്പാലത്തിന്റെ ഡിസൈൻ ചുമതല പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിനും റോഡുകളുടെ ഡിസൈൻ പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റും തയ്യാറാക്കും. ഡിപിആർ തയ്യാറാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top