12 August Wednesday

സ്വകാര്യ പണമിടപാട് ഉടമയുടെ സഹായി മരിച്ച സംഭവം: പരാതിയുമായി ബന്ധുക്കള്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

ജോസഫ്‌

കുളത്തൂപ്പുഴ
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയുടെ വീടിന്റെ ടെറസിൽ സഹായിയെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ പരാതിയുമായി ബന്ധുക്കൾ. ആര്യങ്കാവ് ഇടപ്പാളയം ചെന്നിക്കരയിൽ ജോസഫി (67)നെയാണ്  കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. വലിയേലയിലെ സ്ഥാപനം ഉടമയുടെ ഉടമസ്ഥതയിലുള്ള മന്ന കോട്ടേജിന്റെ ടെറസിലെ മേൽക്കൂരയിൽ കെട്ടിത്തൂങ്ങി തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. 
മരണത്തിൽ ദുരുഹതയൂണ്ടെന്ന് ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ ജോസഫ് ആരോപിച്ചു. 
ഏറെ നാളായി ജോസഫും സ്ഥാപനം ഉടമയും മാത്രമാണ്‌ ഇവിടെയുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ജോസഫിനെ കാണാനില്ലെന്നാണ്‌ ഉടമ മൊഴി നൽകിയിട്ടുള്ളത്‌. എന്നാൽ, ജോസഫിനെ കാണാനില്ലെന്ന്‌ ബന്ധുക്കളെയോ പൊലീസിനെയോ അറിയിച്ചിരുന്നില്ല. ഇതിനിടയിൽ സ്ഥാപനം ഉടമ ആര്യങ്കാവിലും പ്രദേശത്തും ജോസഫിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷണം നടത്തിയതിലും മറ്റൊരു ബന്ധുവിനോട് പരാതി വേണ്ടെന്നു പറഞ്ഞതിലും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നു. സംഭവത്തെക്കുറിച്ച് ഉന്നത അന്വേഷണം ആവശ്യപ്പെട്ട്‌ പരാതി നൽകുമെന്ന്‌ മകൻ സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. 
സ്ഥലത്ത്‌ ഫോറൻസിക് സയന്റിഫിക് വിഭാഗം പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ച മൃതദേഹം കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം സംസ്കരിക്കും. അതേസമയം പ്രഥമിക പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ലന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മേൽനടപടി സ്വീകരിക്കുമെന്നും കുളത്തൂപ്പുഴ എസ്ഐ എൻ അശോക്‌കുമാർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top