24 August Saturday

കുഞ്ഞുമോന‌് നാടിന്റെ യാത്രാമൊഴി

സ്വന്തം ലേഖകന്‍Updated: Wednesday Jun 26, 2019

 

പുനലൂർ
ഉത്തരാഖണ്ഡിൽ പ്രകൃതിക്ഷോഭ സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനിടെ മണ്ണിടിച്ചിലിൽ മരിച്ച പുനലൂർ ചെമ്മന്തൂർ സ്വദേശിയായ സൈനികന് ജന്മനാട് കണ്ണീർപ്പൂക്കളേകി വിടനൽകി.  ചെമ്മന്തൂർ കരിമ്പുംമണ്ണിൽ വീട്ടിൽ വി കുഞ്ഞുമോൻ (54) മൃതദേഹം വീട്ടിലെ പൊതുദർശനത്തിനുശേഷം തൊളിക്കോട് സെന്റ് തോമസ‌്  മാർത്തോമാ ചർച്ചിന്റെ പുനലൂർ ടിബി ജങ്ഷനടുത്തുള്ള സെമിത്തേരിയിലാണ് സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. 
ആറുദിവസം മുമ്പാണ് കുഞ്ഞുമോൻ മണ്ണിടിച്ചിലിൽ മരിച്ചത്. ഉത്തരാഖണ്ഡിലെ ഡാർ ചുളയിൽ പ്രകൃതിക്ഷോഭ സ്ഥലത്ത് ഒരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചവിട്ടിയിരുന്നിടത്തെ മണ്ണിടിഞ്ഞ് ഒഴുകിപ്പോകുകയായിരുന്നു. ഉത്തരാഖണ്ഡിൽനിന്ന‌് ഞായറാഴ്ച പുനലൂരിൽ എത്തിച്ച് സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ചെമ്മന്തൂരിലെ വസതിയിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ധീര സൈനികന്  ആദരാഞ്‌ജലി അർപ്പിച്ചു. രാവിലെ ഒമ്പതിന‌്  വസതിയിലെത്തി മന്ത്രി കെ രാജു സർക്കാരിനുവേണ്ടി ആദരാഞ്ജലി അർപ്പിച്ചു.  കലക്ടർക്കുവേണ്ടി പുനലൂർ ആർഡിഒ നിഷാദ‌്, പൊലീസിനുവേണ്ടി സിഐ ബിനുവർഗീസ് എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. 
പകൽ 11.30ന‌് മൃതദേഹം വിലാപയാത്രയായി തൊളിക്കോട് സെന്റ‌് തോമസ് മാർത്തോമാ ചർച്ചിലേക്കു മാറ്റി. ചരമ ശുശ്രൂഷാകർമങ്ങൾക്ക് മാർത്തോമാ  സഭ പുനലൂർ-–-കൊട്ടാരക്കര ഭദ്രാസനാധിപൻ  യുയാക്കിം മാർകുറിലോസ് എപ്പിസ്കോപ്പ കാർമികത്വം വഹിച്ചു. തുടർന്ന് 3.30ന‌് വിലാപയാത്രയായി മൃതദേഹം പുനലൂർ ടിബി ജങ്ഷനിലെ സെമിത്തേരിയിൽ എത്തിച്ചു. ആദരസൂചകമായി സൈനികോദ്യോഗസ്ഥൻ കുഞ്ഞുമോന്റെ ഭാര്യ അന്നമ്മയ‌്ക്ക് ദേശീയ പതാകയും ബാഡ്ജും കൈമാറി. തുടർന്ന് പൊലീസ് ഗാർഡ് ഓഫ് ഓണറിനു ശേഷം നാലോടെ  സംസ്കരിച്ചു. 21 വർഷമായി കുഞ്ഞുമോൻ കരസേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് നാട്ടിൽവന്ന് മടങ്ങിയത്. നവീൻ, നൂതൻ എന്നിവരാണ് മക്കൾ.
പ്രധാന വാർത്തകൾ
 Top