08 July Wednesday

പരീക്ഷകള്‍ ഇന്ന്‌ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
കൊല്ലം
കോവിഡ്-–-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്‌ച ആരംഭിക്കും. 30 വരെയാണ്‌ പരീക്ഷ. ജില്ലയിൽ 232 കേന്ദ്രത്തിലായി 96,640 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. എസ്എസ്എൽസി–- 30450, എച്ച്എസ്എസ്–- 58096, വിഎച്ച്എസ്ഇ–-- 8094 എന്നിങ്ങനെയാണ്‌ പരീക്ഷ എഴുതുന്ന കുട്ടികളുടെ കണക്ക്‌. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിൽ എത്തിച്ച് സുരക്ഷിതമായി പരീക്ഷ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന 81 കുട്ടികൾക്ക്‌‌ മറ്റു ജില്ലകളിലെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അനുമതി ലഭിച്ചിട്ടുണ്ട്‌. മറ്റു ജില്ലകളിലുള്ള 69 കുട്ടികൾ‌  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പരീക്ഷ എഴുതും.
അഗ്നിശമനസേനയുടെ  സഹായത്തോടെ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കി. ഹാൻഡ്‌വാഷ്, സാനിറ്റൈസർ, തെർമൽ സ്‌കാനർ മുതലായവ സ്കൂളുകളിൽ സജ്ജീകരിച്ചു. വിദ്യാർഥികൾക്കുളള മാസ്കും ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും എസ്എസ്‌കെ മുഖേന വീടുകളിൽ എത്തിച്ചു. 
 വാഹന സൗകര്യങ്ങൾ ഇല്ലാത്തതും ഒറ്റപ്പെട്ട കേന്ദ്രങ്ങളിലുമുള്ള കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ സർവീസുകളും ഉണ്ടാകും. 
കുടിവെള്ളം സ്കൂളിൽ ലഭ്യമായിരിക്കുമെങ്കിലും കുട്ടികൾ കൊണ്ടുവരുന്നതാണ് നല്ലതെന്ന നിർദേശവും നൽകിയിട്ടുണ്ട്. പരീക്ഷ സംബന്ധമായ സംശയനിവാരണത്തിനുള്ള വാർ റൂം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പ്രവർത്തിക്കുന്നു.
പ്രധാന വാർത്തകൾ
 Top