20 June Thursday

സംസ്ഥാനത്തേത‌് ജുഡീഷ്യറി തീരുമാനം നടപ്പാക്കുന്ന എക‌്സിക്യൂട്ടീവ‌്: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday May 26, 2019
 
തിരുവനന്തപുരം
ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക‌്സിക്യൂട്ടീവാണ‌് സംസ്ഥാനത്തുള്ളതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ  തീരുമാനങ്ങൾ നടപ്പാക്കുന്ന വേളയിൽ സ്ഥാപിതശക്തികളുടെ ആക്രമണം ഉണ്ടായേക്കാം. അത്തരം ഘട്ടത്തിൽ എക‌്സിക്യൂട്ടീവിനെ സംരക്ഷിക്കാൻ ജുഡീഷ്യറിയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാർ കൗൺസിൽ നേതൃത്വത്തിൽ സംഘടിപ്പിച്ച ലീഗൽ റിഫ്രഷർ കോഴ‌്സിന്റെ സംസ്ഥാനതല ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലെജിസ്ലേറ്റീവ‌്, എക‌്സിക്യൂട്ടീവ‌്, ജുഡീഷ്യറി സംവിധാനങ്ങൾ അവയുടെ അധികാരപരിധിക്കുള്ളിൽനിന്ന‌് പ്രവർത്തിക്കണം. ഒന്ന‌് മറ്റൊന്നിന്റെ അധികാരപരിധിക്കുള്ളിൽ കടന്ന‌ുകയറാൻ ശ്രമിച്ചാൽ ജനവിശ്വാസം ഇല്ലാതാകും. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രതവേണം. എക‌്സിക്യൂട്ടീവിന‌് നടപ്പാക്കാൻ ശേഷിയില്ലാത്ത നിർദേശങ്ങളാണോ നൽകുന്നതെന്ന‌് ജുഡീഷ്യറി ശ്രദ്ധിക്കണം.
ആഗോളവൽക്കരണത്തിന്റെ ഫലമായി നിയമങ്ങൾക്ക‌് അന്താരാഷ്ട്രസ്വഭാവം കൈവന്നു. അഭിഭാഷകവൃത്തിയിലും വലിയ മാറ്റമുണ്ടായി. കോർപറേറ്റുകൾ കുടിലമാർഗങ്ങളിലൂടെ നിയമങ്ങൾ തങ്ങൾക്ക‌് അനുകൂലമാക്കുന്നതിലും അഭിഭാഷകരെ സേവകരാക്കുന്നതിലും വലിയഅളവിൽ വിജയം കൈവരിച്ചു. ഈ സാഹചര്യത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക‌് നീതി ഉറപ്പാക്കാനും മനുഷ്യവാകാശം സംരക്ഷിക്കാനും എത്രത്തോളം കഴിയുന്നുണ്ടെന്ന‌് അഭിഭാഷകർ വിമർശനാത്മകമായി വിലയിരുത്തണം. കോടതിയിൽ പ്രയോഗിക്കേണ്ട തന്ത്രങ്ങൾമാത്രം വശമാക്കിയാൽ പോരാ. നിയമം സാമൂഹ്യപരിവർത്തന ഉപകരണമാക്കുന്നതിലും മുഖ്യപങ്ക‌് വഹിക്കണം.
സമൂഹ പുനർനിർമിതിയിൽ ക്രിയാത്മക പങ്ക‌് വഹിക്കേണ്ടവരാണ‌് അഭിഭാഷകർ. നിയമവാഴ‌്ചയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിലും വലിയപങ്കുണ്ട‌്. 
നിയമം എന്തിന‌ുവേണ്ടിയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉണ്ടാകണം.  മാനുഷിക, സാമൂഹ്യമൂല്യങ്ങൾക്ക് മുൻതൂക്കം നൽകുമ്പോൾ അവ സമൂഹത്തിന‌് ഉതകുന്നതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top