തിരുവനന്തപുരം
അവധിക്കാലമായാൽ നാലാം ക്ലാസുകാരി ജാനകിക്ക് ഏറ്റവും ഇഷ്ടം അനുജനൊപ്പം കളിക്കാനും ചിത്രരചനാക്ലാസിനുപോകാനും ഒക്കെയാണ്. ഇത്തവണ അവധിക്കാലം ഒരുമാസം മുമ്പേ കിട്ടിയിട്ടും ഇതൊന്നും നടക്കുന്നില്ല. അപ്പോൾ വീട്ടിലിരുന്ന് നിറങ്ങളെ കൂട്ടുപിടിക്കുക തന്നെ മാർഗം. എന്നാൽ പിന്നെ തന്റെ അവധിക്കാലം ഇല്ലാതാക്കിയ കോവിഡിനെതിരെ ആയിക്കോട്ടെ വരയെന്ന് ജാനകി കരുതി.
വര മാത്രമല്ല, ജാനകി കഥയുമെഴുതും. ക്ലാസ് തീരുന്നതിന്റെ അവസാന ദിവസമായിരുന്നു കൂട്ടുകാരുമായി ചേർന്ന് "വൈറസ്' എന്ന കഥയെഴുതുന്നത്. ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോകുന്ന പെൺകുട്ടി കോവിഡ് പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതാണ് കഥ. കൊറോണ വൈറസിനെതിരെയുള്ള സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ജാനകിയുടെ വരകൾ. അച്ഛൻ രഞ്ജിത്ത് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ നിരവധി പേർ ഷെയറും ചെയ്തു.
""നേരത്തെ ചിത്രരചനയുടെയും ചെസ്സിന്റെയുമെല്ലാം ക്ലാസിനുപോകും. ഇപ്പോ ക്ലാസൊന്നുമില്ല. അങ്ങനെയാ ഇവിടെയിരുന്ന് വരയ്ക്കാൻ തുടങ്ങിയേ ' –- ജാനകി പറഞ്ഞു. ടിവിയിൽ ആണ് വൈറസിനെക്കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുന്നത്. അച്ഛനും അമ്മയും പറഞ്ഞു കൊടുക്കുകയും ചെയ്യും. അങ്ങനെയാണ് ബോധവൽക്കരണ സന്ദേശമടങ്ങിയ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറയുന്നതായിരുന്നു ആദ്യചിത്രം.
അച്ഛനൊപ്പം ഇൻഡോർ പ്ലാന്റ്സ് പരിചരണവുമുണ്ട്. വീട്ടിലിരുന്നാലും അവധിക്കാലം സൂപ്പറാക്കാമെന്ന് പറയുകയാണ് ജാനകി. വട്ടിയൂർക്കാവ് ശ്രീശൈലത്തിൽ രഞ്ജിത്തിന്റെയും അഡ്വ. രഞ്ജനയുടെയും മകളാണ്. ക്രൈസ്റ്റ് നഗർ സ്കൂളിലാണ് പഠിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..