27 May Wednesday

വില കൂട്ടി; കൃത്രിമ ക്ഷാമവും

സ്വന്തം ലേഖികUpdated: Thursday Mar 26, 2020
കൊല്ലം
കോവിഡിന്റെ മറവിൽ ഭക്ഷ്യസാധനങ്ങൾക്കു തീവിലയും കൃത്രിമ ക്ഷാമവും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ബുധനാഴ്ച കടകമ്പോളങ്ങളിൽ പലസാധനങ്ങൾക്കും അമിതവിലയാണ് ഈടാക്കിയത്. മിക്ക കടകളിലേയും വിലവിവരപ്പട്ടിക മറച്ചായിരുന്നു വിൽപ്പന. 
ഉള്ളിയ്ക്കും സവാളയ്ക്കുമായിരുന്നു കൂടിയവില. കഴിഞ്ഞ ദിവസം 60 രൂപ വിലയുണ്ടായിരുന്ന ചെറിയുള്ളി കിലോയ്ക്ക് 90 രൂപക്കായിരുന്നു ബുധനാഴ്ച രാവിലെ വിറ്റത്. എന്നാൽ, ഉച്ചയ്ക്ക് 110 മുതൽ 140 രൂപ വരെയായി.  
30 രൂപയുണ്ടായിരുന്ന സവാള വില 45 ആയി. പഞ്ചസാരയ്ക്ക്‌ രണ്ടു രൂപ വർധിപ്പിച്ച് 40നാണ് വിറ്റത്‌.  അരിക്കും  രണ്ടുരൂപ കൂട്ടി. കിലോയ്ക്ക് 40 രൂപയായിരുന്നു വില. തമിഴ്നാട്ടിൽനിന്ന് സാധനങ്ങൾ എത്തുന്നില്ലെന്നു  പറഞ്ഞായിരുന്നു വിലകൂട്ടൽ. പലയിടങ്ങളിലും ഉള്ളികിട്ടാത്ത സ്ഥിതിയായിരുന്നു. പ്രതിരോധശേഷി വർധനയ്ക്കു വിറ്റാമിൻ സി അടങ്ങിയതാണെന്നു പറഞ്ഞ് നാരങ്ങ, നെല്ലിക്ക, ഓറഞ്ച് -തുടങ്ങിയവയും വില കൂട്ടി. പച്ചക്കറി ഇനങ്ങളും കിട്ടാത്ത സ്ഥിതിയുണ്ട്. 
21 ദിവസം നിയന്ത്രണം ഏർപ്പെടുത്തിയതോടെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മിക്ക കടകളിലും ആളുകൾ എത്തിയിരുന്നു. എന്നാൽ, കടകളിൽ നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു കച്ചവടം. 
സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകിയ ശേഷമാണ് ഉപയോക്താക്കളെ കടകളിൽ കയറ്റിയത്. .
പ്രധാന വാർത്തകൾ
 Top