28 May Thursday

‘പഴവും ബ്രഡും ഭക്ഷണം; രാജ്യത്തെ കരുതി സഹിച്ചു’

സ്വന്തം ലേഖകൻUpdated: Thursday Mar 26, 2020
കൊല്ലം
‘പഴവും ബ്രഡും കഴിച്ചാണ്‌ മൂന്നുരാത്രിയും പകലും ട്രെയിനിലും യാർഡിലുമായി കഴിച്ചുകൂട്ടിയത്‌. ഡൽഹി സ്റ്റേഷൻ അധികൃതർ ഭക്ഷണംപോലും തന്നില്ല.   റെയിൽവേയിലെ ചില ജീവനക്കാർ സഹായിച്ചതുമാത്രമാണ്‌ ഏക ആശ്വാസം’. 
ഞായറാഴ്‌ച മുതൽ ഡൽഹിയിൽ കുടുങ്ങിയ കേരള എക്‌സ്‌പ്രസിലെ ജീവനക്കാരുടെ വെളിപ്പെടുത്തലാണിത്‌. രാജ്യത്ത്‌ ലോക്ക്‌ഡൗണും പ്രഖ്യാപിപ്പതോടെ ഇവർ ഡൽഹിയിൽ കുടുങ്ങി. ‘രാജ്യത്തിന്റെ നന്മയെ ഓർത്താണ്‌ ദുരിതം സഹിച്ചത്‌. സഹായിക്കാനെത്തിയ കെ സോമപ്രസാദ്‌ എംപി ഉൾപ്പെടെ എല്ലാവരോടും നന്ദിയുണ്ട്‌’–- ജീവനക്കാർ പറഞ്ഞു. ഞായറാഴ്ചയാണ്‌ 20 പേർ ഡൽഹിയിൽ എത്തിയത്‌. 
തിങ്കളാഴ്‌ച രാവിലെ 11.45ന്‌  തിരുവനന്തപുരത്തേക്ക്‌ വരേണ്ടവരാണ്‌ ഇവർ. എന്നാൽ, സർവീസ്‌ നിർത്തലാക്കിയതൊടെ എല്ലാം തകിടംമറിഞ്ഞു. ഭക്ഷണത്തിനും താമസത്തിനും സ്റ്റേഷൻ സൂപ്രണ്ടിനോട്‌ അഭ്യർഥിച്ചെങ്കിലും രക്ഷയുണ്ടായില്ല.  –-എസി ടെക്‌നീഷ്യൻ സുനിൽ പറഞ്ഞു. വിഷയം കുന്നത്തൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ കെ സോമപ്രസാദ്‌ എംപിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്‌. ഉടൻ റെയിൽവേ മന്ത്രാലയത്തിനും ബോർഡ്‌ ചെയർമാനും അടിയന്തരനടപടി ആവശ്യപ്പെട്ട്‌ എംപി കത്തുനൽകി. ഇതിനിടെ ദുരിതം കൈരളി ഉൾപ്പെടെ ചാനലുകൾ പുറത്തുവിട്ടു. കേരള ഹൗസിൽ എ സമ്പത്തും ഇടപെട്ടു. ഇതോടെ ബുധനാഴ്ച വൈകിട്ട്‌ ആറിന്‌ കേരള എക്‌സ്‌പ്രസ്‌ ജീവനക്കാരുമായി തിരുവനന്തപുരത്തേക്ക്‌ തിരിച്ചു. എറണാകുളം –-നിസാമുദീൻ മംഗളാ എക്‌സ്‌പ്രസിലെ ജീവനക്കാരും ഇവർക്കൊപ്പമുണ്ട്‌. വെള്ളിയാഴ്‌ച രാവിലെ ഇവർ നാട്ടിലെത്തും. എല്ലാവരും കൊച്ചുവേളി, കൊല്ലം, എറണാകുളം, കോട്ടയം  സ്വദേശികളാണ്‌.
പ്രധാന വാർത്തകൾ
 Top