കൊല്ലം
കുടുംബശ്രീ 25–-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട് ജില്ലയിലെ 26,306 അയൽക്കൂട്ടങ്ങളിൽ വ്യാഴാഴ്‌ച ‘ചുവട് 2023' അയൽക്കൂട്ട സംഗമം നടക്കും. 3,58,211 കുടുംബശ്രീ വനിതകൾ, -കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന -അയൽക്കൂട്ട അംഗങ്ങൾ, പ്രത്യേക അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുക്കും. വിവിധ പരിപാടികളിൽ കുടുംബശ്രീ മിഷൻ ഡയറക്ടർ ജാഫർ മാലിക്, കലക്ടർ അഫ്‌സാന പർവീൺ തുടങ്ങിയവർ പങ്കെടുക്കും.
25 വർഷത്തെ പ്രവർത്തനാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങൾ, ആരോഗ്യം, പൊതുശുചിത്വം, അയൽക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നീ വിഷയങ്ങൾ സംഗമദിനത്തിൽ ചർച്ചചെയ്യും. അയൽക്കൂട്ട സംഗമത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച ജില്ലയിലെ എല്ലാ അയൽക്കൂട്ടങ്ങളിലും രാവിലെ എട്ടിന് ദേശീയപതാക ഉയർത്തും. അയൽക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അംഗങ്ങൾക്ക് കുടുംബശ്രീ യൂ ട്യൂബ് ചാനൽ വഴി അയൽക്കൂട്ട സംഗമ സന്ദേശം കാണാനാകും.
വിവിധ വിഷയങ്ങളിൽ ചർച്ചകൾ അനുബന്ധമായുണ്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവർത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്മയുള്ള ജീവിതനിലവാരം എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമാകുമിത്.
കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ചടങ്ങുകളിലുണ്ടാകും. വിവിധ കലാപരിപാടികളും അരങ്ങേറും. മെയ് 17ന് പൂർത്തിയാകുംവിധം വൈവിധ്യമാർന്ന കർമപരിപാടികളുടെ തുടക്കത്തിനാണ് റിപബ്ലിക്ദിനം വേദിയാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..