29 February Saturday

കൊല്ലം നഗരത്തിന്റെ മുഖം മാറും റെയിൽവേ ഭൂമി കിട്ടിയാൽ ഒത്തിരി വികസനം

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

 

 
കൊല്ലം
കൊല്ലം ടൗൺ വികസനത്തിന്‌ റെയിൽവേ ഭൂമി ലഭിക്കാനും തുടർ നടപടിക്കുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ  സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസുമായി ചർച്ച നടത്തി.
ട്രാൻസ്‌പോർട്ട്‌ ബസ്‌ സ്‌റ്റാൻഡിനും ആശ്രാമം മൈതാനത്തിനും മധ്യേ വരുന്ന പുള്ളിക്കട കോളനി റെയിൽവേയിൽനിന്ന്‌ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കും. പുള്ളിക്കട കോളനി ഭൂമി റെയിൽവേയുടെ ഉടമസ്ഥതയിലാണ്‌. 
ഇവിടെയുള്ളവരെ പുനരധിവസിപ്പിക്കാൻ കൊല്ലം കോർപറേഷൻ നടപടിയെടുത്തെങ്കിലും ഭൂമി റെയിൽവേയുടേതായതിനാൽ പദ്ധതി നടപ്പാക്കാനായില്ല. അതിനാൽ ഭൂമി കോർപറേഷന്‌ വിട്ടുനൽകുന്നതിനെക്കുറിച്ച്‌ റെയിൽവേ ആലോചിക്കണമെന്ന്‌ മന്ത്രി പറഞ്ഞു.
ഫാത്തിമമാതാ നാഷണൽ കോളേജിന്‌ എതിർവശത്തെ ടി എം വർഗീസ്‌ മെമ്മോറിയൽ പാർക്ക്‌ റെയിൽവേയ്‌ക്ക്‌ നൽകിയതിനു പകരം റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഐഒസി പമ്പ്‌ നിലനിന്നിരുന്ന ചിന്നക്കടയിലെ ഭൂമി നൽകണമെന്ന്‌ മന്ത്രി നിർദേശിച്ചു. 
അതിൽ മൾട്ടിലെവൽ പാർക്കിങ്‌, റെയിൽവേ കോറിഡോർ, മൊബിലിറ്റി ഹബ്ബ്‌ എന്നിവയ്‌ക്കുള്ള പദ്ധതി നടപ്പാക്കും. 
കോർപറേഷൻ ഉടമസ്ഥതയിൽ രണ്ടാം കവാടത്തിനടുത്തുള്ള ഭൂമി റെയിൽവേ ഏറ്റെടുത്ത്‌ പകരം എസ്‌എംപി പാലസിന്‌ അടുത്തുള്ള റെയിൽവേ ക്വാർട്ടേഴ്‌സ്‌ ഭൂമി നൽകണം. ഇവിടെ ട്രാൻസ്‌പോർട്ട്‌ ടെർമിനൽ നിർമിക്കാനാണ്‌ ആലോചന. പള്ളിയാർത്തുരുത്ത്‌ ഐലൻഡ്‌ റെയിൽവേ നൽകിയാൽ ടൂറിസം വിസനത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന്‌ മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾക്കായി 40 ലക്ഷം രൂപ റെയിൽവേയ്‌ക്ക്‌ കൊല്ലം കോർപറേഷൻ നൽകിയിട്ടുണ്ട്‌. 
തുടർ ചർച്ചകളിലൂടെ ഇക്കാര്യം പരിഹരിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
 
പ്രധാന വാർത്തകൾ
 Top