27 November Saturday
ആശ്വാസമേകും ‘ജീവനം'

മാലാഖക്കൂട്ടം വിപുലമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
കൊല്ലം
ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ ‘മാലാഖക്കൂട്ടം' പൊതുവിഭാഗത്തിലേക്കും വ്യാപിപ്പിക്കും. ജില്ലാപഞ്ചായത്ത് യോഗത്തിൽ ചർച്ചയ്ക്കു മറുപടി പറയവെ പ്രസിഡന്റ് സാം കെ ഡാനിയലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ബിഎസ്‌സി നഴ്‌സിങ്‌ കഴിഞ്ഞവർക്ക്‌ ആശുപത്രികളിൽ ഓണറേറിയത്തോടെ അപ്രന്റിസ്ഷിപ്പിന്‌ അവസരമൊരുക്കുന്ന പദ്ധതിയാണിത്‌. 
ജനറൽ ഫണ്ട് ഉപയോഗിച്ച് വനിതാ പ്രോജക്‌റ്റായി ഉൾപ്പെടുത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഗോപൻ നിർദേശിച്ചു. മറ്റ് അംഗങ്ങളും ഇതിനെ അനുകൂലിച്ചു. ബിഎസ്‌സി നഴ്‌സിങ്‌ കഴിഞ്ഞിട്ടും പട്ടികജാതിക്കാരാണെന്ന കാരണത്താൽ ജോലി നിഷേധിക്കുന്ന സംഭവങ്ങളുണ്ടെന്നും ഈ സ്ഥിതി കണക്കിലെടുത്താണ് പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പദ്ധതിക്ക് രൂപം നൽകിയതെന്നും പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടി. 
വൃക്കരോഗബാധിതർക്ക് ആശ്വാസം പകരുന്ന ‘ജീവനം' പദ്ധതിയിൽ അപേക്ഷ നൽകിയ എല്ലാവർക്കും സഹായം നൽകും. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അംഗങ്ങളായ സൊസൈറ്റിക്കാണ് മേൽനോട്ടം. പൊതുജനങ്ങളിൽനിന്നുകൂടി സംഭാവന സ്വീകരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്‌. ആയൂർ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിൽ ദിവസവേതന വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. ഹാച്ചറിയിൽ പേരന്റ് സ്റ്റോക്ക് എത്തിയതോടെ തൊഴിലാളികൾ മതിയാകാതെ വരുമ്പോഴാണ് താൽക്കാലികമായി  എടുക്കുന്നത്. കുര്യോട്ടുമലയിലും അഞ്ചൽ ഫാമിലുമൊക്കെ ഇത്തരത്തിൽ താൽക്കാലിക തൊഴിലാളികളെ നിയോഗിക്കുന്നുണ്ടെന്നും പ്രസിഡന്റ് വിശദീകരിച്ചു.
റോഡ് കൈയേറ്റത്തിനെതിരെ നടപടി
കൊല്ലം
ജില്ലാ വിക്ടോറിയ ആശുപത്രിയിലേക്കുള്ള റോഡ് കൈയേറുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സാം കെ ഡാനിയൽ അറിയിച്ചു. ആംബുലൻസിനു പോലും പോകാൻ കഴിയാത്ത വിധമാണ് കൈയേറിയിരിക്കുന്നത്. അത് അടിയന്തരമായി ഒഴിപ്പിക്കും. ഭൂമി അളന്ന് തിരിക്കാനുള്ള നടപടി ഉടൻ തുടങ്ങും. 
വൈസ് പ്രസിഡന്റ് വി സുമലാൽ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ അനിൽ എസ് കല്ലേലിഭാഗം, വസന്ത രമേശ്, ജെ നബീസത്ത്, അംഗങ്ങളായ ശ്രീജ ഹരീഷ്, എൻ എസ് പ്രസന്നകുമാർ, സി ബാൾഡുവിൻ, ഷൈൻകുമാർ, ജയശ്രീ വാസുദേവൻപിള്ള, എസ് ശെൽവി, ആർ രശ്മി, ബ്രിജേഷ് എബ്രഹാം, സി പി സുധീഷ്‌കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top