08 December Thursday
ഹർത്താൽ അക്രമം

240 പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

 

കൊല്ലം
ഹർത്താലിന്റെ മറവിൽ ജില്ലയിൽ പോപ്പുലർ ഫ്രണ്ട്‌ നടത്തിയ അക്രമത്തിൽ വ്യാപക പ്രതിഷേധം. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനും പൊലീസ്‌ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആക്രമിച്ചതിനും സിറ്റി, റൂറൽ പൊലീസ്‌ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്തത്‌ 41 കേസുകൾ. ആകെ പ്രതികളുടെ എണ്ണം 480. ഇതിൽ സിറ്റിയിൽ 27 കേസുകളിൽ 169 പേരെയും റൂറലിൽ 12 കേസിൽ 71 പേരെയുമാണ്‌ അറസ്റ്റ്‌ചെയ്തത്‌. പ്രകടനം നടത്തിയതിനും നിർബന്ധമായി കടയടപ്പിച്ചതിനും അറസ്റ്റിലായ ഇവർക്ക്‌ ജാമ്യം ലഭിച്ചു. ഈ കേസുകളിൽ സ്റ്റേഷനിൽ ഹാജരാകാത്തവരെ പിടികൂടുമെന്ന്‌ പൊലീസ്‌ അറിയിച്ചു. സിറ്റിയിൽ 13, റൂറലിൽ 63 പോപ്പുലർ ഫ്രണ്ടുകാരെ കരുതൽ തടങ്കലിന്‌ കസ്റ്റഡിയിൽ എടുത്തിരുന്നു. കെഎസ്‌ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും എറിഞ്ഞുതകർത്ത കേസിലും പൊലീസ്‌ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതികൾക്കെതിരെ  ചുമത്തിയിട്ടുള്ളത്‌ ജാമ്യംലഭിക്കാത്ത വകുപ്പുകളാണ്‌. ഇവരെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. വൈകാതെ അറസ്റ്റുണ്ടാകുമെന്ന്‌ ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം സിറ്റിയിൽ മാത്രം ആറ്‌ കേസുകളാണുള്ളത്‌. പൊതുമുതൽ നശിപ്പിച്ചതിന്‌ മൂന്നും സ്വകാര്യമുതൽ നശിപ്പിച്ചതിന്‌ രണ്ടും കേസുണ്ട്‌. പിഡിപിപി ആക്ട്‌ പ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌. പള്ളിമുക്കിൽ ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവരെ ഇടിച്ചിട്ട സംഭവത്തിൽ വധശ്രമത്തിനാണ്‌ കേസെടുത്തിട്ടുള്ളത്‌.
 
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച 
കേസിലെ പ്രതി സ്ഥിരം കുറ്റവാളി
ഇരവിപുരം 
ഹർത്താൽ ദിനത്തിൽ പോലീസ് ഉദ്യോസ്ഥനെ ബൈക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച  എസ്ഡിപിഐ പ്രവർത്തകനായ കൂട്ടിക്കട ചന്തക്കട സ്വദേശി ഷംനാദ് നിരവധി കേസിൽ  പ്രതി. ഇയാൾ ഒളിവിലാണ്‌. കൊല്ലം പള്ളിമുക്കിൽ വച്ചാണ് ഇരവിപുരം സ്റ്റേഷനിലെ സിപിഒ ആന്റണിയെയും എ ആർ ക്യാമ്പിലെ സിപിഒ നിഖിലിനെയും ബൈക്ക് കൊണ്ടിടിച്ചത്. 
കൊട്ടിയത്തുനിന്ന്‌ ബൈക്കിൽ വന്ന പ്രതി വഴിയാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത് തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ വണ്ടി കയറ്റുകയായിരുന്നു. 
നിലത്തു വീണ ആന്റണിക്ക് മുഖത്തു സാരമായ പരിക്കേറ്റു. നിഖിലിന്റെ കാലിനു മുറിവേറ്റു. രണ്ടു വധശ്രമക്കേസിലെയും തല്ലുകേസിലെയും പ്രതിയാണ് ഷംനാദ്.മയ്യനാട്‌ ഭാഗത്ത്‌ വച്ച്‌ റെയിൽവേ പാളത്തിൽ കല്ലും തടിയും വച്ച്‌ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്‌ ഇയാൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top