18 September Wednesday

അതിവേഗം വനം അദാലത്ത്‌

സ്വന്തം ലേഖകന്‍Updated: Sunday Aug 25, 2019

ജില്ലാ വനം അദാലത്ത് പുനലൂരിൽ മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യുന്നു

പുനലൂർ
വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിച്ച വെണ്ടാർ മഠത്തിലഴികത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും കടയ്ക്കൽ തെക്കേതിൽ സുഗതന്റെയും ആശ്രിതർക്ക് നഷ്ടപരിഹാരത്തുക ലഭിച്ചിരുന്നില്ല. പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയായിരുന്നില്ല. 
  എന്നാൽ, ശനിയാഴ്ച മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ പുനലൂരിൽ നടന്ന വനം അദാലത്തിൽ ഇവരുടെ പരാതികള്‍ക്ക് പരിഹാരമായി. രണ്ടുപേരുടെയും ആശ്രിതർക്ക് മന്ത്രി  രണ്ടുലക്ഷം രൂപ വീതം കൈമാറി. വന്യജീവി അക്രമണത്തിൽ പരിക്കേറ്റ കെ സുബ്രഹ്മണ്യന് ചികിത്സാസഹായമായി 21, 390 രൂപയും മന്ത്രി നൽകി. ഇതുൾപ്പെടെ 239 പരാതികളാണ്‌ അദാലത്തിൽ പരിഗണിച്ചത്‌. വിവിധ പരാതികളിലായി 43,6000 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. 
വന്യജീവികളാൽ കൃഷിനാശം, വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരം, അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കൽ, ആനയുടെ ഉടമസ്ഥാവകാശം, തടി വ്യവസായ യൂണിറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ജണ്ട നിർമാണം, റവന്യൂ റിക്കവറി, സെക്യൂരിറ്റി തുക മടക്കി നൽകൽ, റോഡ് ഉപയോഗവുമായി ബന്ധപ്പെട്ടത്, ആദിവാസികളുടെ വനവിഭവ ശേഖരണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച പരാതികളാണ്  ലഭിച്ചതിലേറെയും. 
വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരവുമായി സംസ്ഥാനത്തെ മൂന്നാമത്തെ വനം അദാലത്താണ് ശനിയാഴ്ച പുനലൂർ ചെമ്മന്തൂർ സാംസ്കാരിക നിലയത്തിൽ നടന്നത്. നിശ്ചിത തീയതിക്കകം അദാലത്തിലേക്ക്  ലഭിച്ചത് 102 പരാതികൾ. 
ഇതിൽ 87ലും അതിവേഗ നടപടി സ്വീകരിച്ചപ്പോൾ  70എണ്ണത്തിൽ അനുകൂല തീരുമാനമായി. 17 പരാതികൾ നിരസിച്ചു.  സ്ഥലപരിശോധനയടക്കമുള്ള അന്വേഷണത്തിനു ശേഷമായിരുന്നു ഇത്‌. 15 പരാതികളിൽ വിവിധ വകുപ്പുകളുടെ ഇടപെടൽ അനിവാര്യം ആയതിനാൽ തുടർനടപടികൾക്കായി മാറ്റിവച്ചു. അദാലത്ത് ദിവസവും പരാതി പ്രളയമായിരുന്നു. ഇത്തരത്തിൽ പുതുതായി 137 പരാതികൾ ലഭിച്ചു. 
അദാലത്തിൽ ലഭിച്ച ഈ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം നടപടി വിവരങ്ങൾ പരാതിക്കാരെ നേരിട്ടറിയിക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലഭിച്ചത് അഞ്ച് പരാതികളാണ്. ഇവയ്ക്കു തീർപ്പ് കൽപ്പിക്കാൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ബിഡിസി) കൈമാറി. 
മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാടനംചെയ്തു. പുനലൂർ മുനിസിപ്പല്‍ അധ്യക്ഷൻ കെ രാജശേഖരൻ അധ്യക്ഷനായി. 
എൻ കെ പ്രേമചന്ദ്രൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെന്മല പഞ്ചായത്ത് പ്രസിഡന്റ്  ആർ ലൈലജ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ്  ആർ പ്രദീപ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത രാജേഷ്, മുനിസിപ്പൽ കൗൺസിലർ ബി സുരേന്ദ്രനാഥ തിലകൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദൻ, എസ് ബിജു, സി അജയപ്രസാദ്, നെൽസൺ സെബാസ്റ്റ്യൻ, എം എം ജലീൽ, എം നാസർഖാൻ എന്നിവർ സംസാരിച്ചു
പ്രധാന വാർത്തകൾ
 Top