21 September Saturday

വരൂ, വരച്ചുയർത്താം മണ്ണിനെ

സ്വന്തം ലേഖകന്‍Updated: Sunday Aug 25, 2019

ചിത്രരചനാ ക്യാമ്പയിനിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ വരച്ച ചിത്രം എം നൗഷാദ്‌ എംഎൽഎയ്‌ക്ക്‌ കൈമാറുന്നു

കൊല്ലം
വൻമരത്തിനു ചുവട്ടിൽ രണ്ട് കുഞ്ഞുങ്ങൾ കടലാസിൽ കളർ പെൻസിൽകൊണ്ട്‌ മനുഷ്യരേയും പക്ഷികളേയും മരങ്ങളേയും വരച്ചിട്ടു. തൊട്ടുമുന്നിൽ അച്ഛൻ ദിലീപ്‌ ഇടതുകൈവിരലുകളാൽ ക്യാൻവാസിൽ തീർക്കുന്ന വാഴയ്ക്ക് ഇലവരുന്നുണ്ടോയെന്ന്‌ അവർ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. 
  കുറച്ചകലെ  ഇരുകൈകളുമില്ലാത്ത സജയകുമാർ കാൽവിരലുകളിൽ ബ്രഷ്‌ പിടിപ്പിച്ച്‌ ആഴക്കടൽ ഒരുക്കുകയായിരുന്നു. തോൽക്കാൻ വിടില്ല ഞങ്ങളുടെ കേരളത്തെ എന്നു പ്രഖ്യാപിച്ച്‌ നാടിന്റെ വീണ്ടെടുപ്പിനായുള്ള ധനസമാഹരണത്തിൽ പങ്കാളികളാകാൻ  നന്മവരകൾ തീർക്കുകയായിരുന്നു കലാകാരന്മാർ. ഈ ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും. 
  ഒന്നരയടി നീളവും വീതിയുമുള്ള ക്യാൻവാസിൽ രചിച്ച ചിത്രങ്ങൾ 2000 രൂപയ്ക്കാണ് വിൽക്കുന്നത്. ചിത്രരചന തുടങ്ങുന്നതിനു മുമ്പുതന്നെ പലരുടെയും ചിത്രങ്ങൾ വിറ്റുപോയിരുന്നു. ഞായറാഴ്ചയും പ്രദർശനവും വിൽപ്പനയും ഉണ്ട്‌.    കേരള ലളിതകലാ അക്കാദമിയും നീരാവിൽ പ്രകാശ്‌ കലാകേന്ദ്രവും ചേർന്നാണ്‌ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ബാലഭവനിൽ വീണ്ടെടുപ്പിന്റെ നന്മവരയെന്ന തത്സമയ ചിത്രരചനയും പ്രദർശനവും വില്‍പ്പനയും സംഘടിപ്പിച്ചത്‌. അക്രലിക്കിലും വാട്ടർ കളറിലും അവർ ഒരുക്കിയ വർണസൃഷ്‌ടികൾ  കേരളത്തിന്റെ വീണ്ടെടുപ്പിനായിരുന്നു. 
  കെ വി ജ്യോതിലാൽ, സുധീർ, അനിൽ അഷ്ടമുടി, എസ് ആർ മോത്തി, രശ്മി തുടങ്ങി പ്രശസ്തരായ അമ്പതിലേറെ ചിത്രകാരന്മാരും ചിത്രകാരികളുമാണ്‌ ബാലഭവൻ ഹാളിലും മുറ്റത്തുമൊക്കെയായി ക്യാൻവാസിനു മുന്നിൽ ഇരുന്നത്‌. കൂടെ ബാലപ്രതിഭകളും ചേർന്നു. രാവിലെ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ചിത്രംവരച്ച്‌ നന്മവരകൾ ഉദ്‌ഘാടനംചെയ്‌തു. ഭൂമിക്കുമേൽ പ്രകാശംപരത്തുന്ന സൂര്യനെയാണ്‌ മന്ത്രി വരച്ചത്‌. ഈ ചിത്രം ചടങ്ങിൽ അധ്യക്ഷനായിരുന്ന എം നൗഷാദ്‌ എംഎൽഎ വിലയ്‌ക്കു വാങ്ങി. 
 ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്‌പരാജ്‌ സംസാരിച്ചു. 
കലാകേന്ദ്രം പ്രസിഡന്റ് ആർ ബി ഷജിത്ത് സ്വാഗതവും കെ ബി ജോയ് നന്ദിയും പറഞ്ഞു. ചിത്രരചനയുടെ ഭാഗമായി കുട്ടികൾക്കായി ജയപാല പണിക്കർ സ്മാരക ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top