കൊല്ലം
സ്കൂൾ ബസിൽ അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച ബസ് ക്ലീനറായ മധ്യവയസ്കനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
കടവൂർ സ്വദേശിയായ ശിവപ്രസാദി (57)നെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്കൂൾ അങ്കണത്തിൽ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന ബാലികയോട് പ്രതി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. വീട്ടിലെത്തിയ വിദ്യാർഥി അമ്മയോട് സ്കൂൾ കാര്യങ്ങൾ പറയുന്നതിനിടെ ബസിനുള്ളിൽ നടന്ന സംഭവവും പറഞ്ഞു.
ഇതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പാരാതിയിലാണ് അറസ്റ്റ്. വിക്ടോറിയ ആശുപത്രിയിലെ ശിശു പരിചരണ വിഭാഗത്തിൽ കുട്ടിയെ പരിശോധിച്ചിരുന്നു.
ലൈംഗികാതിക്രമം നടന്നതായി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ വിദഗ്ധയും കുട്ടിയുമായി സംസാരിച്ചിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതി മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു.
വിശദമായ അന്വേഷണം നടത്തിയ പൊലീസ് ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പൊലീസ് കമീഷണറേറ്റിൽ സജ്ജമാക്കിയ ആധുനിക ഇന്ററോഗേഷൻ മുറിയിൽ ചോദ്യംചെയ്യലിനെത്തിച്ച പ്രതിയുടെ പ്രതിയുടെ ദൃശ്യങ്ങൾ സ്ക്രീനിലൂടെ കണ്ട കുട്ടി ഇയാളെ തിരിച്ചറിഞ്ഞു. തുടർന്നാണ് ശിവപ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..