16 December Monday

നാടിനായി ഓടുന്നുണ്ട്‌ ഈ മാലാഖ

സുരേഷ്‌ വെട്ടുകാട്ട്‌Updated: Sunday Aug 25, 2019

നേഴ്‌സ്‌ ലിനിയുടെ ചിത്രം പതിച്ച കെഎസ്‌ആർടിസി ബസ്‌

കരുനാഗപ്പള്ളി 
നിപാരോഗികളെ ചികിത്സിക്കുന്നതിനിടയിൽ രക്തസാക്ഷിയായ നേഴ്‌സ്‌ ലിനിയുടെ ഓർമകളുമായൊരു കെഎസ്‌ആർടിസി ബസ്‌. 
  പ്രളയദുരന്തമുഖത്തേക്ക്‌ വണ്ടിനിറയെ  സഹായമെത്തിച്ചാണ്‌ വാട്‌സാപ്പ്‌ കൂട്ടായ്‌മ  മരണംവരെ നാടിനെ സേവിച്ച മലാഖയ്ക്ക്‌ ആദരമർപ്പിച്ചത്‌.  ലിനിയുടെ ചിത്രംപതിച്ച ബസിന്റെ പേരും  ഭൂമിയിലെ മാലാഖ എന്നാണ്‌.  
കരുനാഗപ്പള്ളി ഡിപ്പോയിലെ ആർഎസ്കെ 447–--ാംനമ്പർ ബസാണ്‌   മെഡിക്കൽ, എൻജിനിയറിങ്‌ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചേർന്ന്‌ നാടിന്റെ ചങ്കാക്കിയത്‌.  കൂടാതെ സംസ്ഥാനത്തെ കെഎസ്ആർടിസി ആരാധകർ ശേഖരിച്ച സാധനങ്ങൾകൂടി ചേർത്ത് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും എത്തിച്ചു. 
കരുനാഗപ്പള്ളി കെഎസ്‌ആർടിസി ഫാൻസ്‌ കൂട്ടായ്‌മ ഡിപ്പോയിലെ  ബസുകളിൽ മ്യൂസിക് സിസ്റ്റം ഉൾപ്പെടെ ഫിറ്റുചെയ്തിട്ടുണ്ട്‌. 
സമയം കിട്ടുമ്പോഴെല്ലാം വണ്ടി കഴുകി വൃത്തിയാക്കുന്നതിനു പുറമെ  ചിലപ്പോൾ അറ്റുകുറ്റപ്പണികളും ചെയ്യാറുണ്ട്.  രണ്ട് ബസുകൾക്ക് ബീറ്റ് ഓഫ് കരുനാഗപ്പള്ളി, റിഥം ഓഫ് കരുനാഗപ്പള്ളി എന്നീ പേരുകളും നൽകി. ഡിപ്പോയിൽനിന്ന്‌ പുറപ്പെടുന്ന ദീർഘദൂര സർവീസുകളിൽ യാത്രചെയ്ത് കെഎസ്ആർടിസി സ്നേഹം വളർത്തുക ലക്ഷ്യമിട്ട്‌   കാർഡുകളും മധുരവും  യാത്രക്കാർക്ക് നൽകും. 
അമൃത എൻജിനിയറിങ്‌ കോളേജിലെ ടെക്നിക്കൽ സ്റ്റാഫായ നൗഫൽ, മെഡിക്കൽ വിദ്യാർഥിയായ അശ്വിൻ, അജിൻ ജി നാഥ്, രാകേഷ് , ജയകുമാർ, അതിയിസ്റ്റ്, തുളസീധരൻ, അഖിൽ, അക്ഷയ്, അഫ്സൽ, അജിത് വിഷ്ണു എന്നിവരാണ്‌ കൂട്ടായ്മയുടെ അമരക്കാർ.  നൗഫലാണ്‌ അഡ്മിൻ.  
വിവിധ മേഖലകളിലുള്ള നിരവധിപ്പേരും  ഇപ്പോൾ കൂട്ടായ്മയിൽ സജീവമാണ്.  ഇവർക്ക്  എടിഒ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ട്‌.
പ്രധാന വാർത്തകൾ
 Top