27 September Monday
ബിജെപി മണ്ഡലം യോഗങ്ങൾ തുടങ്ങുന്നു

വിവാദങ്ങൾ ചർച്ചയാകും
നേതൃത്വത്തിന്‌ തലവേദന

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021
കൊല്ലം 
തെരഞ്ഞെടുപ്പുഫണ്ട്‌ വിവാദവും വോട്ടുകച്ചവടവും അണികളിൽ വലിയ പ്രതിഷേധം സൃഷ്‌ടിച്ചിരിക്കെ തിങ്കളാഴ്‌ച ആരംഭിക്കുന്ന മണ്ഡലം കമ്മിറ്റി യോഗങ്ങൾ ബിജെപി  നേതൃത്വത്തിന്‌ തലവേദനയാകും. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ ഭീഷണിയായി കൊല്ലത്ത്‌ എം ടി രമേശ്‌ പക്ഷം പിടിമുറുക്കുന്നതിനിടെയാണ്‌ യോഗങ്ങൾ ചേരുന്നത്‌. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, സംസ്ഥാന സെക്രട്ടറി രഞ്ജിത്ത്‌ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗങ്ങളിൽ ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ വിമതപക്ഷം തയ്യാറെടുത്തു കഴിഞ്ഞു. 
കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ മണ്ഡലം കമ്മിറ്റികളാണ്‌ തിങ്കളാഴ്‌ച യോഗം ചേരുന്നത്‌. വ്യാഴാഴ്‌ച ജില്ലാ ഭാരവാഹികളുടെ യോഗവും ചേരും. കരുനാഗപ്പള്ളി, കുണ്ടറ, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിൽ വൻതോതിൽ വോട്ടുകുറഞ്ഞതും തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ ചില നേതാക്കൾ മുക്കിയതും എതിർപക്ഷം ശക്തമായി ഉന്നയിക്കും. ബിജെപിയുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും പല പ്രദേശങ്ങളിലും പാർടി വിടുന്നതും ചർച്ചയാകും. അതേസമയം, വിവാദ വിഷയങ്ങൾ ചർച്ചയാകാതിരിക്കാൻ സുരേന്ദ്രൻ പക്ഷവും കരുക്കൾ നീക്കുന്നുണ്ട്‌.  
തെരഞ്ഞെടുപ്പ്‌ തോൽവിക്കുശേഷം കഴിഞ്ഞയാഴ്‌ച ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിൽനിന്ന്‌ ചർച്ച കേൾക്കാതെ സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാറും മുങ്ങിയത്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. 
യോഗത്തിൽ വിമർശവുമായി വിമതപക്ഷ നേതാക്കൾ രംഗത്തെത്തിയെങ്കിലും സംഘടനാ ചർച്ച വേണ്ടെന്ന്‌ വിലക്കിയശേഷമാണ്‌ ഇരുവരും സ്ഥലംവിട്ടത്‌. വോട്ടുകച്ചവടവും ചാത്തന്നൂർ മണ്ഡലത്തിലെ ഫണ്ട്‌ വിവാദവും ഉയർന്നുവരുന്നത്‌ ഒഴിവാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്‌ മുൻ ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളുമടക്കം അന്നത്തെ കമ്മിറ്റി ബഹിഷ്‌ക്കരിക്കുകയും ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top