11 August Tuesday

പുനലൂരിൽ 5 വാർഡ്‌ കണ്ടെയ്‌ൻമെന്റ് സോൺ

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020
പുനലൂർ/ കൊല്ലം
അറസ്റ്റിലായ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂർ മുനിസിപ്പാലിറ്റിയിലെ അഞ്ചു വാർഡ്‌ കണ്ടെയ്ന്റ്മെന്റ് സോണായി കലക്ടർ  പ്രഖ്യാപിച്ചു. മയ്യനാട്‌ 9‐ാം വാർഡും കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി. പുനലൂർ ടൗൺ, ചെമ്മന്തൂർ, മുസാവരി, ചാലക്കോട്, നെടുങ്കയം വാർഡുകളാണ് അടച്ചത്. ഇവിടെ ജനജീവിതം പൂർണമായും നിലച്ചു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കുന്നതും പൊലീസ്
 തടഞ്ഞു. 
കെഎസ്ആർടിസി ഡിപ്പോയിൽനിന്നു രാവിലെ ചില സർവീസ് ആരംഭിച്ചെങ്കിലും പിന്നീട് നിർത്തിവച്ചു. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്കു പോയ ബസുകൾ പകുതിവഴിക്ക് യാത്ര അവസാനിപ്പിച്ച് പുനലൂരിലേക്കു മടങ്ങി. മറ്റു ഡിപ്പോകളിൽനിന്ന്‌ ഇവിടേക്കുള്ള സർവീസുകളും നിർത്തിവച്ചു. സ്വകാര്യ ബസുകൾ പത്തനാപുരത്തുനിന്നുള്ളത് ഗവ. പോളിടെക്നിക്കിനു സമീപവും അഞ്ചൽ മേഖലയിൽനിന്നുള്ളത് തൊളിക്കോട്ടും യാത്ര അവസാനിപ്പിച്ചു. 
പട്ടണത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെയും യാത്രക്കാരെയും പൊലീസ് കർശനമായി പരിശോധിക്കുന്നുണ്ട്. ഇതിനായി നെല്ലിപ്പള്ളി, ടിബി ജങ്ഷൻ, ചെമ്മന്തൂർ, മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ ബാരിക്കേഡ്‌ സ്ഥാപിച്ചു. വ്യാപാരിയുടെ സമ്പർക്കം കാരണം പുനലൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കം 15 പൊലീസുകാർ നീരീക്ഷണത്തിലാണ്‌. ഈ കുറവ് നികത്താൻ സമീപ സ്റ്റേഷനുകളിൽനിന്ന്‌ പൊലീസിനെ എത്തിച്ചു.  
 കൊല്ലം മുനിസിപ്പാലിറ്റിയിലെ  മുണ്ടയ്ക്കൽ, കന്റോൺമെന്റ്, ഉദയമാർത്താണ്ഡപുരം ഡിവിഷനുകളിലെ സബ് വാർഡ് കണ്ടെയിൻമെന്റ് സോൺ നിയന്ത്രണം പരിഷ്‌കരിച്ചു. 
കൊല്ലം-–- തിരുവനന്തപുരം ദേശീയപാതയിൽ എസ്എൻ കോളേജ് ജങ്ഷൻ മുതൽ കപ്പലണ്ടിമുക്ക് വരെയുള്ള റോഡും കപ്പലണ്ടിമുക്കിൽനിന്ന്‌ കടപ്പാക്കട ഭാഗത്തേക്കുള്ള റോഡിൽ ജവഹർ ജങ്ഷൻ വരെയുള്ള റോഡും ജവഹർ ജങ്ഷനിൽനിന്ന്‌ ജെഎൻആർഎ നഗർ- വയൽതോപ്പ് ഭാഗം വരെയുള്ള റോഡും കപ്പലണ്ടി മുക്കിൽനിന്ന്‌ റെയിൽവേ ക്രോസ് കഴിഞ്ഞ് എഫ്എഫ്ആർഎ-19 വഴി പഴയ ഷാജീസ് വീനസ് റോഡും കെ പി അപ്പൻ റോഡിൽ മിൽട്ടൺ പ്രസ് വരെയും കണ്ടെയിൻമെന്റ് സോണായിരിക്കും.  
നിലവിൽ കണ്ടെയിൻമെന്റ് സോണുകളായ പന്മന പഞ്ചായത്തിലെ 10, 11,  തൃക്കോവിൽവട്ടം  പഞ്ചായത്തിലെ 6, 7, 9, മയ്യനാട് പഞ്ചായത്തിലെ 15, 16, ഇട്ടിവ പഞ്ചായത്തിലെ 17, കല്ലുവാതുക്കൽ  പഞ്ചായത്തിലെ 8, 10, 11, 13 വാർഡുകളിൽ  ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടരും. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഇഎസ്എം കോളനി, റോസ്‌ മല, അമ്പതേക്കർ, അമ്പലം, ചോഴിയക്കോട് എന്നിവയും ആര്യങ്കാവ്  പഞ്ചായത്തിലെ അച്ചൻകോവിൽക്ഷേത്രം, അച്ചൻകോവിൽ, ആര്യങ്കാവ്, ആര്യങ്കാവ് ക്ഷേത്രം എന്നീ വാർഡുകളിലും ഹോട്ട്‌സ്‌പോട്ട് നിയന്ത്രണം തുടരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top