12 August Wednesday

ഷക്കീർ വധം: പ്രതികൾ കൊച്ചിയിൽ പിടിയിൽ

സ്വന്തം ലേഖകന്‍Updated: Thursday Jun 25, 2020
കുണ്ടറ
ക്രിമിനൽ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ  അറസ്റ്റ്‌ ചെയ്‌തു. കുണ്ടറ പേരയം കരിക്കുഴി അഷ്ടമുടി പൊയ്ക മേലതിൽ  ഷക്കീർ ബാബു (ചിക്കു-–-
33) വിനെ കൊലപ്പെടുത്തിയ പേരയം വരമ്പിൽ മാലിയിൽ പുത്തൻവീട്ടിൽ  പ്രജീഷ് (28), സുഹൃത്ത് ബിൻടോ ബാബു (27) എന്നിവരാണ് കൊച്ചിയിൽ അറസ്റ്റിലായത്. എളമക്കര പൊലീസ്‌ വാഹനപരിശോധന നടത്തുന്നതിനിടെ ബുധനാഴ്‌ച പുലർച്ചെയായിരുന്നു  അറസ്റ്റ്‌. 
ചൊവ്വാഴ്‌ച വൈകിട്ട്‌ 5.30നാണ്‌ കൊലപാതകം. മുൻ വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌  കാരണം. ഷക്കീറിനെ കുത്തിക്കൊലപ്പെടുത്തിയശേഷം ബൈക്കിൽ രക്ഷപ്പെട്ട സുഹൃത്തുക്കൾ  ചരക്ക്‌ ലോറിയിലാണ്‌  എറണാകുളത്ത്‌ എത്തിയത്‌. ഒളിവിൽ താമസിക്കുകയായിരുന്നു ലക്ഷ്യം.  തുടർന്ന്‌ സുഹൃത്തിന്റെ കാറിൽ പോകുമ്പോൾ ഇടപ്പള്ളി എംഎജെ ആശുപത്രിക്കുമുന്നിൽ വാഹന പരിശോധനയ്‌ക്കിടെ പ്രതികളിൽ ഒരാളുടെ കൈയിലെ മുറിവുകണ്ട് ചോദ്യം ചെയ്തതോടെയാണ്‌ കുടുങ്ങിയത്. ഇവർ കൊച്ചിയിൽ എത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ  ഇരുവരെയും കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ തെളിവെടുപ്പിനായി പേരയത്തേക്ക് കൊണ്ടുപോകാനിരിക്കെ കൊല്ലപ്പെട്ട ഷക്കീറിന്റെ സുഹൃത്തുക്കളിൽ ചിലർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ കൊല്ലുമെന്ന്‌ ഭീഷണിമുഴക്കിയതിനാൽ  തെളിവെടുപ്പ് മാറ്റി. 
നിരവധി കേസുകളിലെ പ്രതിയായ  ഷക്കീർ കാപ്പാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെൺകുട്ടിയെ ശല്യംചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഇയാൾ പേരയം ജങ്‌ഷനിൽ  ജിംനേഷ്യം നടത്തുന്ന പ്രജീഷുമായി ശത്രുതയിലായതെന്ന്‌ പൊലീസ്‌ പറഞ്ഞു.  കഴിഞ്ഞ ജനുവരിയിൽ ഷക്കീറും സുഹൃത്തുക്കളുംചേർന്ന് പ്രജീഷിനെ കടത്തിക്കൊണ്ടുപോയി മർദിച്ചു.  ഈ കേസിൽ  റിമാൻഡിലായ ഷക്കീർ ജയിൽ വാസത്തിനുശേഷവും  ജിമ്മിലെത്തി പ്രജീഷിനെ  ഉപദ്രവിച്ചു. രണ്ടാം തവണയും പൊലീസിന്റെ പിടിയിലായതോടെ ഷക്കീറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. 
ഒരാഴ്ചമുമ്പ് ഹൈക്കോടതിയിൽനിന്ന്‌  ജാമ്യംനേടിയ ഷക്കീർ ചൊവ്വാഴ്ച വൈകിട്ടും പ്രജീഷുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനുശേഷം ‌  ബൈക്കിൽ യാത്രചെയ്‌ത ഷക്കീറിനെ പ്രജീഷ് പേരയം ജങ്‌ഷനിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തുക
യായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top