12 August Wednesday

കാണാതായ പൊലീസ്‌ ട്രെയ്‌നി രക്തം വാർന്ന നിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020
ചവറ 
കാണാതായ പൊലീസ് ട്രെയ്‌നിയെ മണിക്കൂറുകൾ നീണ്ട തെരച്ചിനൊടുവിൽ രക്തം വാർന്ന നിലയിൽ പാവുമ്പ കായലിനോടു‌ ചേർന്ന ആൾത്താമസമില്ലാത്ത വീട്ടിലെ കുളിമുറിയിൽനിന്നു കണ്ടെത്തി. ചവറസൗത്ത് വടക്കുംഭാഗം കൃഷ്ണഭവനിൽ നവീൻചന്ദ്രനെ (23)യാണ് ബുധനാഴ്‌ച പുലർച്ചയോടെ കാണാതായത്. ചവറ തെക്കുംഭാഗം സ്റ്റേഷനിൽ കോവിഡ് സ്പെഷ്യൽ ഡ്യൂട്ടി ചെയ്‌ത്‌ വരികയായിരുന്നു. ചൊവ്വാഴ്‌ച രാത്രി ഉറങ്ങാൻ കിടന്ന നവീനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ മുറിയിൽ രക്തം തളം കെട്ടിക്കിടക്കുന്നതു‌ കണ്ടു. പരിസരത്ത് അന്വേഷിച്ചെങ്കിലും കാണാത്തതിനാൽ പൊലീസിൽ അറിയിച്ചു. പൊലീസ് പരിശോധനയിൽ മുറിയിലെ ഫാനിൽ തൂങ്ങാനായി കയർ കെട്ടിയതായി കണ്ടെത്തി. ഇതിനിടെ കൈയിൽ കെട്ടുമായി യുവാവ് പാവുമ്പ കായൽ ലക്ഷ്യമാക്കി പോയതായി വാർത്ത പരന്നു. നാട്ടുകാരും പൊലീസും പരിസരമാകെ അന്വേഷിച്ചെങ്കിലും  കണ്ടെത്താനായില്ല. 
രാവിലെ ആറോടെ നവീൻ കായലിൽ ഇറങ്ങിനിൽക്കുന്നതായി വള്ളത്തിൽ പോയവർ കണ്ടിരുന്നു. തുടർന്ന് പരിസരവാസികളായ യുവാക്കൾ കായലിൽ തെരച്ചിൽ ആരംഭിച്ചു. തെക്കുംഭാഗം പൊലീസ്, ചവറ ഫയർഫോഴ്‌സ്, കൊല്ലത്തുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം എന്നിവരും തെരച്ചിൽ നടത്തി. ഇതിനിടെ ഉച്ചയോടെ സമീപത്തെ ആൾത്താമസമില്ലാത്ത വീടിനു പുറത്തെ കുളിമുറിയിൽനിന്ന്‌ വീട്ടുടമസ്ഥൻ നവീനെ കണ്ടെത്തുകയായിരുന്നു. പാവുമ്പ ചരുവിളയിൽ വീട്ടിൽ സമദിന്റെ അടഞ്ഞുകിടക്കുന്ന കുടുംബവീടിനോടു ചേർന്ന കുളിമുറിയിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. 
തെരച്ചിൽ നടക്കുന്നതിനിടെ സ്ഥലത്തെത്തിയ സമദ് കുളിമുറിയിൽ തട്ടിയപ്പോൾ അകത്താരോ ഉണ്ടെന്നു മനസ്സിലാക്കി. ഏറെനേരം കഴിഞ്ഞും ആൾ പുറത്തിറങ്ങാത്തതിനെ തുടർന്ന് കതക് തള്ളിത്തുറന്നപ്പോഴാണ്‌ നവീനെ രക്തംവാർന്ന നിലയിൽ കണ്ടത്‌. പൊലീസ് ഉടൻ തേവലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്‌ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കു‌ മാറ്റി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top