18 July Thursday
കൊല്ലത്ത‌് 7313 ടൺ ഉൽപ്പാദനം

ഉൾനാടൻ ജലാശയങ്ങൾ നൽകിയത‌് 1.92 ലക്ഷം മെട്രിക‌്ടൺ മത്സ്യം

സ്വന്തം ലേഖികUpdated: Tuesday Jun 25, 2019
 
കൊല്ലം
കരിമീനും തിരുതയും ചെമ്മീനും കക്കയും മുരിങ്ങയും എല്ലാമായി സമൃദ്ധമായ സംസ്ഥാനത്തെ ഉൾനാടൻ ജലാശയങ്ങളിൽനിന്ന‌് കഴിഞ്ഞ വർഷം ലഭിച്ചത‌് 1,92,027 മെട്രിക‌്ടൺ മത്സ്യം. മൂന്ന‌് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന ഉൽപ്പാദനമാണിത‌്. 
മത്സ്യകർഷകരുടെ കൃഷിയിടങ്ങളിൽ നിന്ന‌് 24,511 ടൺ മത്സ്യം വിളവെടുത്തു. നദികളും കായലുകളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ നിന്ന‌് 1,67,516 ടൺ മത്സ്യവും 2018–-19ൽ തൊഴിലാളികൾ കോരിയെടുത്തു. 2016–-17ൽ സംസ്ഥാനത്തെ ഉൽപ്പാദനം 1,88,130 ടണ്ണും 17–-18ൽ 1,89,081 ടണ്ണുമായിരുന്നു. 
ഏറ്റവും കൂടുതൽ മത്സ്യംലഭിച്ചത‌് കോട്ടയം ജില്ലയിലാണ‌്. 51,760 ടൺ. തൊട്ട‌ുപിറകിൽ ആലപ്പുഴ (51,207 ടൺ), മൂന്നാമതായി  തൃശൂർരും (23,372 ടൺ). എറണാകുളം നാലാം സ്ഥാനത്ത‌ുണ്ട‌് (21,589 ടൺ). തിരുവനന്തപുരം 1449, കൊല്ലം 7313 ടൺ, പത്തനംതിട്ട 2882, ഇടുക്കി 1373, കോഴിക്കോട‌് 998, പാലക്കാട‌് 10,132, മലപ്പുറം 8406, കണ്ണൂർ 2687, കാസർകോട്‌ 8114 ടൺ എന്നിങ്ങനെയാണ‌് കഴിഞ്ഞവർഷത്തെ ഉൾനാടൻ മത്സ്യബന്ധനം. വയനാട്ടിലാണ‌് ഏറ്റവും കുറവ‌് ഉൽപ്പാദനം 746 ടൺ.  ചെമ്മീൻ ഉൽപ്പാദനമാണ‌് ഏറ്റവും കൂടുതൽ  ലഭിച്ചത‌്–- 26,312 ടൺ. കക്ക 9096 ടണ്ണും, സംസ്ഥാന മത്സ്യമായ കരിമീൻ 4194 ടണ്ണും,  മുരൽ 2967, കണമ്പ‌് 2936, മൃഗാൾ 4096, രോഹു 5149 ടണ്ണും ലഭിച്ചു. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി മത്സ്യവിത്ത്- നിക്ഷേപ‌ം, ജലാശയങ്ങളിലെ മത്സ്യപ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണം, ജനകീയ മത്സ്യക്കൃഷി ഉൾപ്പെടെയുള്ള വിവിധ -കൃഷിരീതി എന്നിവയാണ‌് ഉൾനാടൻ മത്സ്യോൽപ്പാദനത്തിലെ വൻ കുതിച്ചുചാട്ടത്തിന‌് കാരണമായത‌്. 
ഓരുജല –-ശുദ്ധജല മത്സ്യ, ചെമ്മീൻ കൃഷി, കൂടുകളിലെ നൂതന മത്സ്യക്കൃഷി, അടുക്കള കുളം തുടങ്ങി ഫിഷറീസ‌് വകുപ്പ്- നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന‌് സഹായകമായി.
 
പ്രധാന വാർത്തകൾ
 Top