27 May Monday

അവധിയില്ല, ഈ ഹൃദയസ‌്പർശത്തിന‌്

സ്വന്തം ലേഖകന്‍Updated: Thursday Apr 25, 2019
കൊല്ലം
തെരഞ്ഞെടുപ്പ‌ു ദിനത്തിലെ ക്ഷീണമൊന്നും ഈ യുവതയെ ബാധിച്ചില്ല. ബുധനാഴ്ചയും രക്തനക്ഷത്ര പതാക കെട്ടിയ വാഹനം കൊല്ലം ജില്ലാ ആശുപത്രിയുടെ ഗേറ്റ‌് കടന്നെത്തി. അപ്പോഴേക്കും  പാത്രങ്ങളുമായി രോഗികളുടെ കൂട്ടിരിപ്പുകാർ നിരന്നിരുന്നു. പ്രളയം വന്നപ്പോഴും മുടങ്ങാത്ത ഡിവൈഎഫ‌്ഐയുടെ ഹൃദയസ‌്പർശം ഉച്ചഭക്ഷണവിതരണം ബുധനാഴ്ചയും വയറെരിഞ്ഞവരുടെ വിശപ്പടക്കി.  
കൊട്ടിയം മേഖലയിലെ ഡിവൈഎഫ്ഐ പ്രവർത്തകരാണ‌് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചൊവ്വാഴ‌്ച ഉച്ചഭക്ഷണം എത്തിച്ചത‌്. ഒന്നര മാസത്തോളം രാവും പകലും വിശ്രമമില്ലാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നവർ ബുധനാഴ്ച വിശ്രമത്തിനായി നീക്കിവച്ചപ്പോൾ കൊട്ടിയത്തെ ഡിവൈഎഫ‌്ഐ പ്രവർത്തകർ രാവിലെ തന്നെ പൊതിച്ചോറിനായി വിടുകളിൽ എത്തി. പതിവുപോലെ അമ്മമാരുടെ സ‌്നേഹത്തിൽ പൊതിഞ്ഞ പൊതിച്ചോറുകൾ അവരെ സ്വീകരിച്ചു. എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ഇത്തവണയും ആവശ്യപ്പെട്ടതിലധികം പൊതിച്ചോറുകൾ.  
നാല് വോട്ടിനും സീറ്റിനും വേണ്ടി തെരഞ്ഞെടുപ്പിനിടയിൽ ഡിവൈഎഫ്ഐ ഹൃദയസ്പർശം ഉച്ചഭക്ഷണ വിതരണ പരിപാടി നിർത്തിവയ‌്പിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചവരോടുള്ള അമർഷം പലരും യുവാക്കളുമായി പങ്കുവച്ചു. ‘വിശപ്പിന‌് എന്ത‌് മതവും രാഷ്ട്രീയവും’–-’ എല്ലാവർക്കും പറയാനുണ്ടായിരുന്നത‌് ഇതുമാത്രം. 
മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്നു ശേഖരിച്ച പൊതിച്ചോറുമായി ഉമയനല്ലൂർ അലയൻസ് യൂത്ത് സെന്ററിനു മുമ്പിൽനിന്ന‌് ആദ്യവാഹനം 12നു തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ്‌ എം അച്ചു, സെക്രട്ടറി എം ഹാരിസ്‌, സിപിഐ എം ലോക്കൽ സെക്രട്ടറി ബി രാജേന്ദ്രൻ, ഇമാം ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതിച്ചോറ്‌ ശേഖരണം.  
ആശുപത്രിയുടെ മുമ്പിൽ ഭക്ഷണം വാങ്ങാനെത്തിയ എല്ലാവർക്കും വിതരണം ചെയ‌്ത‌് കഴിഞ്ഞപ്പോൾ പതിവുസമയമായി.  ഒരിക്കലും മുടങ്ങാത്ത ഹൃദയസ‌്പർശം പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന‌് ഡിവൈഎഫ‌്ഐ പ്രവർത്തകർ പറഞ്ഞു. ഏത‌് പ്രതിസന്ധിയിലും ഉച്ചഭക്ഷണത്തിനായി അകമഴിഞ്ഞ പിന്തുണ നൽകുന്ന അമ്മമാരുള്ളപ്പോൾ ഈ യുവതയ‌്ക്ക‌് പേടിക്കാൻ എന്തിരിക്കുന്നു. 
പ്രധാന വാർത്തകൾ
 Top