27 May Monday

വൈദ്യുതാഘാതമേറ്റ‌് കാട്ടാന ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019
മറയൂർ
കേരള –- തമിഴ്നാട‌് അതിർത്തി ഗ്രാമമായ നെല്ലിത്തുറ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിൽ വൈദ്യുതാഘാതമേറ്റ് കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.  
 ചുങ്കപ്പെട്ടി വനാതിർത്തിയിൽനിന്നും ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള റാണിമഹാകാരന്റെ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴിന‌് വൈദ്യുതി വേലിയിൽ തട്ടി ചരിഞ്ഞ നിലയിൽ ആനയെ കണ്ടത്. തോട്ടം ഉടമ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  റേഞ്ച‌് ഓഫീസർ സെൽവരാജ് കോയമ്പത്തൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വെങ്കിടേഷ്, തായന്നൂർ വെറ്റെറിനറി ഓഫീസർ ഡോ. വേണുഗോപാൽ എന്നിവർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.  വൈദ്യുതാഘാതമേറ്റ‌് ചരിഞ്ഞ കൊമ്പനാനക്ക് മൂന്ന് വയസ്സ് കണക്കാക്കുന്നതായി വനപാലകർ പറഞ്ഞു. 
 തോട്ടത്തിൽ കടന്ന കാട്ടാന കവുങ്ങ് കുത്തിമറിച്ചപ്പോൾ വൈദ്യുതി ലൈനിലേക്ക് വീഴുകയും അതിൽ നിന്ന് വൈദ്യുതി പ്രവഹിച്ചാണ് ചരിഞ്ഞതെന്ന് കരുതുന്നതായും റേഞ്ച‌് ഓഫീസർ പറഞ്ഞു. ഈ ഭാഗങ്ങളിൽ ശരാശരി ഒരു മാസം ഒരു കാട്ടാനയെങ്കിലും വൈദ്യുതാഘാതമേറ്റ‌് ചരിയുന്നതായാണ് കണക്ക്. വേനൽക്കാലത്ത് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും അപകടത്തിൽപ്പെടുന്നതും പതിവായി. 
അധികൃതർ നടപടി സ്വീകരിക്കാത്തതിൽ അതിർത്തി വനമേഖലയിൽ കർഷകർ പ്രതിഷേധത്തിലാണ‌്. 
വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ആനയുടെ മൃതദേഹം മറവുചെയ്തു.
പ്രധാന വാർത്തകൾ
 Top