30 May Saturday

തീക്കളിയരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

നിരതെറ്റാതെ നിയന്ത്രണം ലോക്ക്‌ഡൗൺ ദിനത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെ ചിന്നക്കടയിലെത്തിയ വാഹനയാത്രക്കാരെ പൊലീസ്‌ ബോധവൽക്കരിക്കുന്നു

 കൊല്ലം 

കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ ഡൗൺ വകവയ്‌ക്കാതെ ജില്ലയിൽ പലയിടത്തും ഒരുവിഭാഗം റോഡിലിറങ്ങി. കടകളിലും പ്രധാന ജങ്‌ഷനുകളിലും ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിനു നന്നേ പാടുപെടേണ്ടി വന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഉൾപ്പെടെ പറഞ്ഞിട്ടും പലരും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കി. 
സഹകരിക്കാത്തവർക്കെതിരെ പൊലീസ്‌ കേസെടുത്തു. കൊല്ലം സിറ്റി പൊലീസ്‌ ചൊവ്വാഴ്‌ച മാത്രം 66 കേസുകൾ രജിസ്റ്റർചെയ്‌തു. റൂറലിൽ 35 കേസെടുത്തു. കൊല്ലത്തും കരുനാഗപ്പള്ളിയിലും പുനലൂരും പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി. പലചരക്കുകടകൾ, സപ്ലൈകോ എന്നിവിടങ്ങളിലെ തിരക്ക് പൊലീസ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ചില ഹോട്ടലുകൾ പതിവുപോലെ ആഹാരം വിളമ്പി നൽകിയത്‌ പൊലീസ് തടഞ്ഞു. പൊതികളാക്കി പൊലീസ് സാന്നിധ്യത്തിലായിരുന്നു പിന്നീട്‌ വിൽപ്പന. 
അനാവശ്യമായി തുറന്ന കടകൾ അടപ്പിച്ചു. അഴീക്കൽ ഹാർബർ ചൊവ്വാഴ്ച രാവിലെ അടപ്പിച്ചു.  ഇരവിപുരം, പാർവത്യാർമുക്ക് മത്സ്യമാർക്കറ്റുകൾ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് അടച്ചുപൂട്ടി. നിയന്ത്രണങ്ങൾ പാലിക്കാതെ അനാവശ്യ യാത്രചെയ്‌തവരെ കലക്ടർ ബി അബ്ദുൽ നാസറും സിറ്റി പൊലീസ് കമീഷണർ ടി നാരായണനും വഴിയിൽ തടഞ്ഞു. ചിന്നക്കടയിൽ രാവിലെ തന്നെ എത്തിയ കലക്ടറും കമീഷണറും നിരവധി യാത്രക്കാരെയാണ് ബോധവൽക്കരിച്ച്‌ വീടുകളിലേക്ക് തിരിച്ചയച്ചത്. 
 
 
മുൻകരുതലായി 45 വെന്റിലേറ്റർ കൂടി
സ്വന്തം ലേഖകന്‍
കൊല്ലം
കോവിഡ് -19 നെ പ്രതിരോധിക്കാൻ ആശുപത്രികളിൽ 45 വെന്റിലേറ്ററുകൾ കൂടി ഉടൻ സ്ഥാപിക്കും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ്‌ വെന്റിലേറ്ററുകൾ സ്ഥാപിക്കുക. ടെൻഡർ നടപടികൾ ഉണ്ടാകില്ല. നിലവിൽ 90 വെന്റിലേറ്ററുകളാണ് വിവിധ ആശുപത്രികളിൽ ഉള്ളത്. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ നേട്ടമാണ് പദ്ധതിയിലൂടെ ലഭിക്കുക. ഇതിനുള്ള നടപടി പൂർത്തിയായെന്ന്‌ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. 
എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, അഡ്വ. കെ സോമപ്രസാദ് എന്നിവർ 1.5 കോടി രൂപ വീതവും അഡ്വ. എ എം ആരിഫ്  50 ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്. കൊടിക്കുന്നിൽ സുരേഷ് എംപി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 35 വെന്റിലേറ്ററുകൾക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ പ്ലാനിങ്‌ ഓഫീസർ പി ഷാജി 
അറിയിച്ചു.
പുതിയ വെന്റിലേറ്ററുകൾ ഇവിടെ
പാരിപ്പള്ളി മെഡിക്കൽ കോളേജ്-- –-10,  ജില്ലാ ആശുപത്രി–---10, ഗവ. വിക്‌ടോറിയ ആശുപത്രി–--- മൂന്ന്, കടയ്ക്കൽ താലൂക്കാശുപത്രി–- -മൂന്ന്‌ , കരുനാഗപ്പള്ളി, കൊട്ടാരക്കര, ശാസ്താംകോട്ട  താലൂക്കാശുപത്രികളിൽ അഞ്ച്‌ വീതവും പുനലൂർ താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രിയിൽ നാല്‌  വെന്റിലേറ്ററുമാണ്‌  സ്ഥാപിക്കുക.
പ്രധാന വാർത്തകൾ
 Top