20 April Saturday

സാംബശിവന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019
ചവറ
 "അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ വിരിമാർ കാട്ടിയ വീരസഖാക്കൾ  പടുത്തുയർത്തിയ പ്രസ്ഥാനം കെടാതെ ഞങ്ങൾ സൂക്ഷിക്കും തലമുറ തലമുറ കൈമാറും’. അതെ സാംബശിവൻ മിച്ചഭൂമി സമരത്തിൽ ഉയർത്തിയ മുദ്രാവാക്യത്തിന്റെ  സ്മരണകൾ നൽകുന്ന കരുത്തുമായി വിജയഭേരി മുഴക്കി ആവേശത്തോടെ  പ്രയാണം തുടരുകയാണ്  കെ എൻ ബാലഗോപാൽ. 
  കാഥിക സമ്രാട്ട്  സാംബശിവന്റെ തെക്കുംഭാഗത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചവറ നിയോജക മണ്ഡലത്തിലുള്ള ബാലഗോപാലിന്റെ പര്യടനം തുടങ്ങിയത‌്. രാവിലെ സ്ഥാനാർഥിയെ സാംബശിവന്റെ  സ്മൃതിമണ്ഡപത്തിൽ കുടുംബാംഗങ്ങളും പാർടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. നീണ്ടകര, ശക്തികുളങ്ങര പ്രദേശങ്ങളിലായിരുന്നു പര്യടനം നടത്തിയത്.  1929 ജൂലൈ നാലിന് ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും ആദ്യപുത്രനായി ജനിച്ച സാംബശിവൻ ആധുനിക കഥാപ്രസംഗത്തിന്റെ ആചാര്യനായത് കൈയടക്കത്തോടെയുള്ള കഥാപ്രസംഗ ശൈലി കൊണ്ടായിരുന്നു. വിദ്യാർഥിയായിരുന്നപ്പോഴും കഥാപ്രസംഗകൻ എന്നനിലയിലും നിരവധി സമരങ്ങളിൽ പങ്കാളിയായിട്ടുള്ള സാംബശിവന്റെ നേതൃപാടവത്തിനു തെളിവായിരുന്നു നീലേശ്വരം തോപ്പിലേക്കുള്ള മിച്ചഭൂമി സമരം. കേരളത്തിലെ കുടികിടപ്പുകാരെയും പാട്ടക്കാരെയും ആവേശഭരിതരാക്കിയ ഒന്നായിരുന്നു 1970 ജനുവരി ഒന്നിനുണ്ടായ മിച്ചഭൂമി പിടിച്ചെടുക്കൽ സമരം. 
ഇതിന്റെ  ഭാഗമായി 1970 ജൂലൈ 15ന‌്  സിപിഐ എം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മങ്കൊമ്പിൽ സ്വാമിയുടെ 40 ഏക്കർ വരുന്ന നീണ്ടകര നീലേശ്വരം തോപ്പിലേക്ക് സമരസഖാക്കൾ ഇരച്ചുകയറി. തോപ്പിൽ നിൽക്കുന്ന തെങ്ങുകൾ ഞങ്ങളെ കണ്ടാൽ തലകുനിക്കും എന്ന് സാംബശിവൻ ചൊല്ലിക്കൊടുത്ത ഗാനശകലം ഏറ്റുപാടി യാണ് ആയിരക്കണക്കിന് ഭടന്മാർ സമരത്തിൽ പങ്കെടുത്തത്. ഭൂസ്വാമിമാരുടെ ശിങ്കിടിയായ സബ് ഇൻസ്പെക്ടർ കാട്ടാക്കട ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത്. ആദ്യമൊന്നു പകച്ച പൊലീസ് തുടർന്ന് ലാത്തിവീശി സമരക്കാരുടെ നേരെ തിരിഞ്ഞു. അപ്പോൾ ഒരു വിഭാഗം പ്രവർത്തകർ തെങ്ങുകളിൽ കയറി വിളവെടുപ്പ് നടത്തുകയായിരുന്നു. കൈയിൽ കിട്ടിയ തേങ്ങയും കല്ലും ഉപയോഗിച്ച് സമരസഖാക്കൾ പൊലീസിനെ നേരിട്ടു. പരാജിതരായ പൊലീസ് സംഘം അവിടെനിന്ന് പിന്മാറി. ഇതുകണ്ട് സമരനായകൻ സാംബശിവന്റെ  നാവിൽനിന്ന‌് ഉയർന്നുവന്ന മുദ്രാവാക്യമാണ‌് കാലങ്ങൾക്ക‌ു ശേഷവും  കനലായി ജ്വലിക്കുന്നത‌്.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top