28 February Sunday

ദുരന്തങ്ങളെ ഭയക്കേണ്ട; അഭയകേന്ദ്രം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

കരുനാഗപ്പള്ളി മണ്ഡലത്തിലെ തഴവയിൽ നിർമാണം പൂർത്തിയാക്കിയ റെസ്ക്യൂ ഷെൽട്ടർ

ദുരന്തങ്ങളെ ഭയക്കേണ്ട; അഭയകേന്ദ്രം ഒരുങ്ങി 

സ്വന്തം ലേഖകന്‍

പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് അഭയമാകാൻ തഴവയിൽ നിർമാണം പൂർത്തിയാക്കിയ ദുരിതാശ്വാസ കേന്ദ്രം 28ന്  നാടിനു സമർപ്പിക്കും. മൂന്നു നിലകളിലായുള്ള കെട്ടിടം പകൽ 10.30ന് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ് സർക്കാർ മണ്ഡലത്തിന് സമ്മാനിക്കുന്ന മറ്റൊരു ബൃഹദ് പദ്ധതിയാണിതെന്ന് ആർ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. 

തഴവയിൽ പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും സമീപത്താണ് കെട്ടിടം. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 70 കോടി  ഉപയോഗിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ദുരിതാശ്വാസ കേന്ദ്രം നിർമിച്ചത്. ഒഡീഷയിൽ നിർമിച്ച ചുഴലിക്കാറ്റ് ഷെൽട്ടറുകളുടെ മാതൃകയിലാണിത്‌.  

 5000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള ഇവിടെ 1000പേർക്ക് താമസിക്കാം. പൊതു അടുക്കള, ജനറേറ്റർ, കുട്ടികൾക്കുള്ള സൗകര്യങ്ങൾ, 15 ശുചിമുറി,  മൂന്നു ഹാൾ, സ്റ്റോർ മുറികൾ, കളിസ്ഥലം എന്നിവയും ഉണ്ടാകും. തഴവ പഞ്ചായത്ത് പ്രസിഡന്റ്‌ ചെയർമാനും വില്ലേജ് ഓഫീസർ കൺവീനറും പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായുള്ള മാനേജ്മെന്റ്‌ കമ്മിറ്റിക്കായിരിക്കും പരിപാലന ചുമതല. സ്ഥാപനത്തിന്റെ പൂർണ നിയന്ത്രണം കലക്ടർ ചെയർമാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ്‌. ദുരന്തങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സ്ഥിരമായല്ലാത്ത പൊതു ആവശ്യങ്ങൾക്കും  അനുമതിയോടെ കെട്ടിടം ഉപയോഗിക്കാം.  

എമർജൻസി റെസ്‌പോൺസ് ടീമുകൾ

ഷെൾട്ടർ മാനേജ്‌മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് തുടങ്ങി നാലുതരം എമർജൻസി റെസ്‌പോൺസ് ടീമുകൾക്ക് ഇവിടെ പരിശീലനം നൽകും. ഇതിനായുള്ള അംഗങ്ങളെ പഞ്ചായത്തുതല സമിതിയാണ് തെരഞ്ഞെടുക്കുക. 

നേട്ടം

പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ സ്‌കൂളുകളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളായി ഉപയോഗിക്കാറുള്ളത്‌. ഇവിടെ മതിയായ സൗകര്യങ്ങൾ ഉണ്ടാകാറില്ല.  സ്‌കൂൾ അധ്യയനത്തെയും ബാധിക്കും. ദുരിതാശ്വാസ കേന്ദ്രം തുറക്കുന്നതോടെ, ഇവയ്‌ക്കെല്ലാം പരിഹാരമാകും.  

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top