29 February Saturday
ഹരിതവഴിയില്‍ കൈകോര്‍ക്കാം

ഇവിടെ തുണിസഞ്ചിയാണ് താരം

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020
കൊല്ലം
ഹരിത വഴിയിൽ സഞ്ചരിക്കാൻ പ്ലാസ്റ്റിക്കിനു ബദലായി തുണിസഞ്ചി നാട്ടിൽ വ്യാപകമാക്കുകയാണ്‌ ഒരുകൂട്ടം വനിതകൾ. പുനലൂർ പ്രിമേരോ അപ്പാരൽ പാർക്കിലെ ജീവനക്കാരാണ്‌ പേഴ്‌സ് രൂപത്തിൽ മടക്കി ഉപയോഗിക്കാവുന്ന തുണിസഞ്ചികൾ വിപണിയിലെത്തിച്ചത്‌. 
പാർക്കിൽ നിർമിച്ചിരുന്ന റെഡിമെയ്ഡ് ഗൗൺ, ചുരിദാർ, യൂണിഫോം എന്നിവയെക്കാൾ ഡിമാൻഡാണ്‌ തുണിസഞ്ചികൾക്കെന്ന്‌ ഇവർതന്നെ സമ്മതിക്കുന്നു. ഒരു ദിവസം 200 മുതൽ 500വരെ സഞ്ചികൾ ഇവിടെ വിൽപ്പനയ്ക്കായി തയ്യാറാക്കുന്നു. കോട്ടൺ, ജൂട്ട് തുടങ്ങിയ ഉപയോഗിച്ചാണ് നിർമാണം. കഴുകി ഉപയോഗിക്കാമെന്ന പ്രത്യേകതയുള്ളതിനാൽ ഇവയ്ക്ക്‌ ആവശ്യക്കാരേറെ. 10 രൂപ മുതൽ 60 രൂപ വരെയാണ് വില.
പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചതോടെ തുണിസഞ്ചികളുടെ സ്വീകാര്യത വർധിച്ചുവരികയാണെന്ന് ജീവനക്കാരി ഷെമി ഗണേശൻ പറഞ്ഞു. നഗരസഭയുടെ 35 വാർഡിൽ നിന്നുള്ള 50 കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് അപ്പാരൽ പാർക്ക് പ്രവർത്തിക്കുന്നത്. റെഡിമെയ്ഡ് വസ്ത്രനിർമാണത്തിനായി ആരംഭിച്ച പാർക്ക് തുണിസഞ്ചി നിർമാണവും ഏറ്റെടുക്കുകയായിരുന്നു. സംരംഭകർക്ക് വരുമാനമാർഗം എന്ന നിലയിലും പ്ലാസ്റ്റിക്കിനു ബദൽ എന്ന നിലയിലും അപ്പാരൽ പാർക്കിന്റെ  തുണിസഞ്ചി നിർമാണം മുതൽക്കൂട്ടാകുമെന്ന് പുനലൂർ നഗരസഭാ ചെയർമാൻ കെ രാജശേഖരൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top