26 January Wednesday
സ്‌കിൽടെക്‌ നൽകുന്നു

വൈദഗ്‌ധ്യം, വരുമാനം

സ്വന്തം ലേഖകൻUpdated: Wednesday Nov 24, 2021
കൊല്ലം
എൻജിനിയറിങ്‌, ഐടിഐ, പോളിടെക്നിക് പാസായ പട്ടികജാതി യുവതീ-യുവാക്കൾക്ക് ജില്ലയിലെ സർക്കാർ ഓഫീസുകളിൽ അപ്രന്റീസ്ഷിപ് പരിശീലനം ഒരുക്കി ജില്ലാപഞ്ചായത്ത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, ജല അതോറിറ്റി, പൊതുമരാമത്ത് തുടങ്ങിയ എൻജിനിയറിങ്‌ വിഭാഗങ്ങളുള്ള വകുപ്പുകളിൽ ഓണറേറിയത്തോടെ രണ്ടുവർഷമാണ് നിയമനം. എൻജിനിയറിങ്‌ കഴിഞ്ഞവർക്ക് 15,000 രൂപ, പോളിടെക്നിക്കുകാർക്ക് 12,500, ഐടിഐക്കാർക്ക് 10,000 എന്നിങ്ങനെയാണ്‌ ഓണറേറിയം. ഇക്കാര്യത്തിൽ 30ന്‌ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം എടുക്കും.
കോവിഡ് സാഹചര്യത്തിൽ തൊഴിലും വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ‘സ്കിൽടെക്’ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. പരിശീലനം നേടുന്നവർക്ക്‌ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകും. ഇത് വിദേശത്തടക്കം ജോലി ലഭിക്കാൻ സഹായിക്കും. ഉദ്യോഗാർഥികൾക്ക്‌ അവർ പഠിച്ച മേഖലയിൽ മികച്ച പ്രായോ​ഗിക പരിശീലനത്തിനുള്ള അവസരമാണ് ലഭ്യമാക്കുന്നതെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ് എസ് ബീന പറഞ്ഞു.  
‘മാലാഖക്കൂട്ടം’ പേരിൽ ബിഎസ്‌സി, ജനറൽ നഴ്സിങ്‌ പൂർത്തിയാക്കിയ 100 പട്ടികജാതി യുവതികള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ജില്ലാ പഞ്ചായത്ത് അപ്രന്റിസ്ഷിപ് നിയമനം നൽകിയിരുന്നു. സമാനമായാണ് സ്കിൽടെക് പദ്ധതിയും ആവിഷ്കരിച്ചത്.
അഭിമുഖം 29ന്
സ്കിൽടെക് പദ്ധതിയിൽ അഭിമുഖം 29ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ നടക്കും. രാവിലെ 10 മുതൽ അഞ്ചൽ, പത്തനാപുരം, ചടയമംഗലം, ഓച്ചിറ, വെട്ടിക്കവല ബ്ലോക്ക് പരിധിയിലുള്ളവർക്കും പകൽ രണ്ടുമുതൽ ചവറ, മുഖത്തല, ഇത്തിക്കര, ശാസ്താംകോട്ട, ചിറ്റുമല, കൊട്ടാരക്കര ബ്ലോക്ക് പരിധിയിലുള്ളവർക്കും പങ്കെടുക്കാം. മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റാ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻകാർഡ്, ആധാർ, ഫോട്ടോ, ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം എത്തണം. പട്ടികജാതി വികസന വകുപ്പിന്റെ പരിശീലനം ലഭിച്ച് ഓണറേറിയം കൈപ്പറ്റിയവർ, മുനിസിപ്പാലിറ്റി/കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 9497180821, 9947324655.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top