16 October Saturday
ഡിസിസി നേതൃയോഗം ഇന്ന്‌

ഫണ്ട്‌ ചോർച്ച ചർച്ചയാകും

സ്വന്തം ലേഖകന്‍Updated: Friday Sep 24, 2021
കൊല്ലം
ഡിസിസി പ്രസിഡന്റായി പി രാജേന്ദ്രപ്രസാദ്‌ ചുമതലയേറ്റശേഷം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പങ്കെടുക്കുന്ന ആദ്യ ഡിസിസി നേതൃയോഗത്തിൽ ഫണ്ട്‌ ചോർച്ച ചർച്ചയാകും. ഫണ്ടില്ലാത്തത്‌ ഡിസിസിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്ന കാര്യം പുതിയ ഡിസിസി പ്രസിഡന്റ്‌ ഇതുവരെ നടന്ന എല്ലാ ബ്ലോക്ക്‌ കമ്മിറ്റി യോഗങ്ങളിലും ആവർത്തിച്ചു.  ഉടനെ ഫണ്ട്‌ പിരിവ്‌ വേണ്ടിവരുമെന്നും മുന്നറിയിപ്പ്‌ നൽകി. ഈ  സാഹചര്യത്തിലാണ്‌ മുമ്പ്‌ പിരിച്ച ഫണ്ടിന്റെ വരവുചെലവും ചർച്ചചെയ്യണമെന്ന്‌ ആവശ്യമുയരുന്നത്‌.  ഫണ്ട്‌  വിഹിതം ഡിസിസി കീഴ്‌ഘടകങ്ങൾക്കു നൽകാതിരുന്നത്‌ നിയമസഭാ തെരഞ്ഞെടുപ്പിനു‌ മുമ്പ്‌ ചേർന്ന യോഗത്തിൽ വിവാദമായിരുന്നു. 
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ നടന്ന കേരളയാത്ര, ഡിസിസി പ്രസിഡന്റിന്റെ കാൽനടജാഥ എന്നിവയ്‌ക്ക്‌ ഫണ്ട്‌ പിരിച്ചിരുന്നു. ഒരുബൂത്തിൽനിന്ന്‌ 15,000 രൂപയാണ്‌ ക്വാട്ട നിശ്ചയിച്ചത്‌. ഇതിൽ 5000 രൂപ ഡിസിസിക്കുള്ളതായിരുന്നു. ചുരുക്കം ബൂത്തുകൾ ഒഴികെ ക്വാട്ട പുർത്തീകരിച്ചു. 
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന്‌ വിളിച്ച ഡിസിസി ഭാരവാഹിയോഗം ‌ഫണ്ട്‌ വിഹിതത്തിലെ തർക്കത്തിൽ തട്ടി പിരിഞ്ഞു. തോമസ്‌ വൈദ്യൻ,  കൃഷ്‌ണൻകുട്ടിനായർ, ശ്രീകുമാർ എന്നീ നേതാക്കളാണ്‌ കണക്ക്‌ അവതരിപ്പിക്കാത്തത്‌ ചോദ്യംചെയ്‌തത്‌. രാജിവച്ച ജനറൽ സെക്രട്ടറി കെ പി അനിൽകുമാറും കെപിസിസിക്കു ലഭിക്കേണ്ട ഫണ്ട്‌ വിഹിതം താമസിക്കുന്നതിൽ അന്ന്‌ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
ഡിസിസി ഓഫീസിൽ വെള്ളി പകൽ മൂന്നിനാണ്‌ നേതൃയോഗം. ഇതിനുശേഷമാകും ഡിസിസി എക്‌സിക്യൂട്ടീവ്‌. വ്യാഴാഴ്‌ച ചേർന്ന ഡിസിസി യോഗത്തിലും ഫണ്ടില്ലാത്തത്‌ ചർച്ചയായി. പഴയ ഡിസിസി കെട്ടിടം പൂർണമായും ഐഎൻടിയുസിക്കു നൽകാൻ പുതിയ ഡിസിസി പ്രസിഡന്റ്‌ ആലോചിക്കുകയും പിന്നീട്‌ പിന്മാറുകയും ചെയ്‌തതും യോഗത്തിൽ ഉയരും. പുതിയ കെപിസിസി ഭാരവാഹികളുടെ വലിയ ഫ്ലക്‌സ്‌ നഗരത്തിൽ വയ്‌ക്കാൻ നിർബന്ധിച്ചതും വിവാദമായിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top