16 November Saturday

കൺമണികളെ വാ വാ വോ...

സ്വന്തം ലേഖികUpdated: Saturday Aug 24, 2019
 
കൊല്ലം
ഒന്നരവർഷം മുമ്പ്‌ ഇതുപോലൊരു ആഗസ്‌തിൽ വിക്ടോറിയ ആശുപത്രിയിൽ എത്തുമ്പോൾ  നാലുവർഷം മുമ്പ്‌ വിവാഹിതരായ സൗമ്യക്കും സന്തോഷിനും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. 
വിവാഹം കഴിഞ്ഞ്‌ വർഷം രണ്ടു പിന്നിടുമ്പോൾ കുഞ്ഞെന്ന സ്വപ്‌നം അവർക്ക്‌  അകലെയായിരുന്നു.    ചികിത്സ പലതും നടത്തി.  പ്രാർഥനകളും വഴിപാടുകളും വേറെ. ഒടുവിൽ വിക്ടോറിയ ആശുപത്രിയിലെ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സതേടി ഇരുവരും എത്തുകയായിരുന്നു. ആറുമാസത്തിനകം സൗമ്യ ഗർഭിണിയായി. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ  പ്രസവം കഴിഞ്ഞതോടെ സന്തോഷിന്റെ കൈവെള്ളയിലേക്ക്‌ ലഭിച്ചത്‌ മൂന്നു കൺമണികളെ.  
വിസ്‌മയ, തന്മയ, ചിന്മയ എന്നീ മിടുക്കിക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരാണ്‌ ഇന്ന്‌ കൺസ്‌ട്രക്‌ഷൻ കമ്പനി ജീവനക്കാരനായ  കടപ്പാക്കട കുറുപ്പുംമൂട്‌ നവജ്യോതി നഗർ 60ൽ  സന്തോഷും ഭാര്യ സൗമ്യയും. കഴിഞ്ഞ ദിവസം വിക്ടോറിയ ആശുപത്രിയിൽ സംഘടിപ്പിച്ച ‘താരാട്ട്‌’ സംഗമത്തിൽ സൗമ്യ പെൺമണികളുമായി എത്തി. സൗമ്യയുടെയും അമ്മൂമ്മ ലാലി, സൗമ്യയുടെ മാമി നിത്യ എന്നിവരുടെയും ഒക്കത്തിരുന്നു കളിച്ചും ചിരിച്ചും കരഞ്ഞും  മൂന്നാളും  ആകർഷകകേന്ദ്രവുമായി. 
മൂവർക്കും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ഒക്കെയടങ്ങിയ സ്‌നേഹസമ്മാനങ്ങൾ  നൽകിയാണ്‌ ആശുപത്രി എതിരേറ്റത്‌.  തങ്ങൾക്ക്‌ കാത്തിരുന്നു കിട്ടിയ കൺമണികളുടെ ജന്മദിനാഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇവർ.
പ്രധാന വാർത്തകൾ
 Top