31 May Sunday

കാലാനുസൃതമാറ്റം വരുത്തും

പ്രത്യേക ലേഖകൻUpdated: Saturday Aug 24, 2019
 
തിരുവനന്തപുരം
വലതുപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജിക്കുന്ന സാഹചര്യം വിലയിരുത്തി സിപിഐ എമ്മിന്റെ പ്രവർത്തനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുമ്പില്ലാത്തവിധം ദേശീയതലത്തിൽ വലതുപക്ഷ കക്ഷികൾക്ക്‌ മുൻകൈ ലഭിച്ചു. കേരളത്തിലും  അവരുടെ ഇടപെടൽ എല്ലാ മേഖലയിലും വർധിച്ചു. ഇത്‌ മനസ്സിലാക്കിയാകും സിപിഐ എമ്മിന്റെ ഇനിയുള്ള പ്രവർത്തനമെന്ന്‌ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി. 
ജനങ്ങളുടെ പിന്തുണയും വിശ്വാസവും നഷ്‌ടപ്പെടുന്ന പ്രവർത്തനം ഉണ്ടാകരുത്‌. നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളും അവർ അംഗീകരിക്കണമെന്ന്‌ നിർബന്ധം പിടിക്കരുത്‌. ജനങ്ങളുടെ കൂടെനിന്ന്‌ അവരുടെ പ്രശ്‌നം പരിഹരിക്കണം. വിനയത്തോടുകൂടിമാത്രം ഇടപെടണം. സ്‌നേഹം പിടിച്ചുപറ്റാൻ കഴിയണം. പാർടി പ്രവർത്തകരും നേതാക്കളും അധികാരകേന്ദ്രമായി പ്രവർത്തിക്കരുത്‌. അക്രമപ്രവർത്തനങ്ങളിൽ   ഉൾപ്പെടരുത്‌. പാർടി വിശ്വാസത്തിന്‌ എതിരല്ല. വർഗീയ ശക്തികളിൽനിന്ന്‌ ആരാധനാലയങ്ങളെ മോചിപ്പിക്കണം. എല്ലാ മതത്തിലുമുള്ള വിശ്വാസികളുടെയും  വിശ്വാസം സംരക്ഷിക്കാൻ പാർടി പ്രവർത്തകർ മുൻകൈ എടുക്കണം. 
ബ്രാഞ്ച്‌ മുതൽ സംസ്ഥാന കമ്മിറ്റിവരെയുള്ള പാർടി ഘടകങ്ങളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തും. ബഹുജന നേതാക്കന്മാരായി ഓരോ കേഡറെയും വളർത്തിയെടുക്കുക എന്നത്‌ അടിയന്തര കടമയായി കാണണം. ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നത്‌. വികസന പ്രവർത്തനങ്ങളിൽ സമീപ കാലത്തൊന്നും കാണാത്ത മുന്നേറ്റം ഉണ്ടായി.  പദ്ധതികൾ നടപ്പാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കണം. പരിസ്ഥിതി മറന്നുകൊണ്ടുള്ള വികസന പ്രവർത്തനം വേണ്ട. ഗാഡ്‌ഗിൽ, കസ്‌തൂരി രംഗൻ ഉൾപ്പെടെയുള്ള കമീഷനുകളുടെ  റിപ്പോർട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. സാംസ്‌കാരിക, ശാസ്‌ത്ര രംഗത്ത്‌ കൂടുതൽ ഇടപെടൽ ആവശ്യമാണ്‌.  
 ഇടതുപക്ഷം ശക്തിപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം വലതുപക്ഷം ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്‌. ഇത്‌ പ്രതിരോധിക്കാൻ ആശയ പ്രചാരണം ശക്തിപ്പെടുത്തണം.  
ഇപ്പോൾ യുഡിഎഫ്‌ മാത്രമല്ല,  കേന്ദ്രഭരണം ഉപയോഗിച്ച്‌  ബിജെപിയും എൽഡിഎഫിനെതിരെ പ്രവർത്തിക്കുന്നു. 
കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ്‌ മത–-ജാതി സംഘടനകളുടെ ശ്രമം. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ശക്തിപ്പെട്ടുവരുന്നു. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്‌, എസ്‌ഡിപിഐ സംഘടനകൾ ന്യൂനപക്ഷ വർഗീയത വളർത്താനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.
 ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ആളുകളെ വിപുലമായി അണിനിരത്താൻ സാധിക്കണം. പരിസ്ഥിതി, ദളിത്‌, വനിതാ മേഖലയിൽ പ്രവർത്തിക്കുന്നവരെ ചേർത്തുനിർത്തുമെന്നും കോടിയേരി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top