17 September Tuesday

ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
അഞ്ചൽ
ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. കിളിമാനൂർ കാര്യവിള വീട്ടിൽ സിന്ധു (45), നിലമേൽ നസീർ മൻസിലിൽ സജീന (43), കല്ലമ്പലം പുതുശേരിമുക്കിൽ കല്ലുവെട്ടാംകുഴി വീട്ടിൽ അജീം (43), പത്തനംതിട്ട അജാസ് മൻസിലിൽ ഹർഷാദ് (51)എന്നിവരെയാണ്‌ നിലമേലിൽനിന്ന് അഞ്ചൽ റേഞ്ച് വനപാലകർ പിടികൂടിയത്. 
സിന്ധുവും സജീനയും തമിഴ്നാട്ടിലെ തിരിപ്പൂരിൽനിന്ന് വാങ്ങിയതാണ്‌ ഇരുതലമൂരി. 13 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇരുതലമൂരിയെ കാറിൽ കേരളത്തിലെത്തിച്ച് 50 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ഇവരിൽനിന്ന് രണ്ടേമുക്കാൽ ലക്ഷം രൂപയും 37- പവൻ സ്വർണവും വനപാലകർ പിടികൂടി. ഇരുതല മൂരിയെ കടത്താൻ ശ്രമിച്ച രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 
ഇരുതലമൂരി വീട്ടിലുണ്ടായാൽ ഐശ്വര്യമുണ്ടാകും എന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ് വിൽപ്പന നടത്തുന്നത്. പിടിയിലായ സിന്ദുവിന് വജ്രവ്യാപാരവുമുണ്ട്. ഇതിന്റെ ഇടപാടെന്ന വ്യാജേന സമീപിച്ചാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ മുമ്പും സമാനകുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പൊലീസ്‌ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. പുനലൂർ വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top