30 June Thursday
കെ ഫോൺ എത്തുന്നു

കണക്ടിങ്‌ കൊല്ലം

സ്വന്തം ലേഖികUpdated: Friday Jun 24, 2022
കൊല്ലം
കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തമാക്കുന്ന കെ–-ഫോൺ കൊല്ലത്ത് കണക്ടാകുന്നു. ആദ്യഘട്ടം ജില്ലയിലെ 1100 ബിപിഎൽ  കുടുംബത്തിന്‌ സൗജന്യമായി ഇന്റർനെറ്റ് എത്തും. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി സൗജന്യ കണക്‌ഷൻ നൽകുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്‌. അടുത്തമാസത്തോടെ കണക്‌ഷൻ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.
കെഎസ്‌ഇബിയും കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോണിലൂടെ   കെഎസ്‌ഇബി സബ്‌ സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. ആദ്യഘട്ടം ഓരോ മണ്ഡലത്തിലെയും 100 ബിപിഎൽ കുടുംബത്തിനാകും കണക്‌ഷൻ നൽകുക. പ്രാദേശികതലത്തിൽ ഇന്റർനെറ്റ് സേവനദാതാക്കളുടെ സഹായത്തോടെയാണ് ബിപിഎൽ കുടുംബങ്ങളിലേക്ക് കണക്‌ഷൻ എത്തിക്കുക. 
കോർപോപ്‌  കുണ്ടറയിൽ
കെഎസ്‌ഇബി കുണ്ടറ 220 കെവി സബ് ‌സ്റ്റേഷനാണ്‌ കെ ഫോണിന്റെ ജില്ലയിലെ പ്രധാന കണക്‌ഷൻ കേന്ദ്രം (കോർപോപ്‌). അമ്പലപ്പുറം, അഞ്ചൽ, ആയൂർ, ചെങ്ങമനാട്‌, ഇടമൺ, പാരിപ്പള്ളി, പുനലൂർ, ശാസ്‌താംകോട്ട എന്നിവിടങ്ങളിലെ അഗ്രിഗേഷൻ പോപ്പിൽനിന്ന്‌ മറ്റ്‌ സബ് സ്റ്റേഷനുകളിലേക്ക്‌ (പ്രീ അഗ്രിഗേഷൻ) കണക്‌ഷൻ നൽകും. ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി തൂണുകളിലൂടെയും ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുമായി 188.5കിലോമീറ്ററിലും കേബിൾ സ്ഥാപിച്ചു. ഒപിജിഡബ്ല്യു കേബിളുകൾ വഴി ജില്ലകളെ തമ്മിലും ബന്ധിപ്പിച്ചു. 2068 സർവർ (യു റാക്കുകൾ) സ്ഥാപിക്കേണ്ടിടത്ത്‌ 1278 ഇടത്ത്‌ സജ്ജമായി. നെറ്റ്‌വർക്ക് കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് ഈ റാക്കിൽ ഉൾപ്പെടുന്നത്. 
1278 സ്ഥാപനം കണക്ടഡ്‌
ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രം, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങി 2063 ഓഫീസുകളെ കെ–-ഫോൺ കണക്ട്‌ ചെയ്യും. ഇതിൽ 1278 സ്ഥാപനത്തിന്‌ കണക്‌ഷൻ നൽകി.
ഒന്നര ജിബി ഡേറ്റ 
സൗജന്യം 
പ്രതിദിനം ഒന്നര ജിബി ഡേറ്റ ഓരോ കുടുംബത്തിനും സൗജന്യമായി ഉപയോഗിക്കാം. സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബി വരെയാണ് വേഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top