04 August Wednesday
ഇന്ധനവില വർധന

മത്സ്യബന്ധനമേഖല കടക്കെണിയിൽ

പി ആർ ദീപ്‌തിUpdated: Thursday Jun 24, 2021

വാടി തുറമുഖം

കൊല്ലം
ഡീസൽ, മണ്ണെണ്ണ വില ദിനംപ്രതി  വർധിപ്പിക്കുന്നത്‌‌ മത്സ്യബന്ധന മേഖലയെ കടക്കെണിയിലാക്കി. സംസ്ഥാനത്ത് യന്ത്രവൽകൃത മത്സ്യബന്ധനത്തിനു തുടക്കമായ 1980ൽ 9.9 എച്ച്പി എൻജിൻ ഉപയോഗിച്ചിരുന്ന തൊഴിലാളികൾക്ക് കേന്ദ്രം അനുവദിച്ചിരുന്നത് 350–-400 ലിറ്റർ മണ്ണെണ്ണയായിരുന്നു. കഴിഞ്ഞമാസം അനുവദിച്ചത് 104 ലിറ്റർ മാത്രം. ഈ മാസം അതും കിട്ടാത്തതിനാൽ കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങാൻ നിർബന്ധിതമാകുകയാണ് തൊഴിലാളികൾ. പൊതുകമ്പോളത്തിൽ 95 രൂപ വിലയുള്ള മണ്ണെണ്ണയ്ക്ക്‌ കരിഞ്ചന്തയിൽ 150 രൂപയാണ്. 
ചെറുവള്ളത്തിന്‌ ശരാശരി പ്രതിമാസം 1000 ലിറ്റർ  മണ്ണെണ്ണ വേണം. 2021–-22ൽ വേണ്ടിവരുന്ന സബ്സിഡിരഹിത മണ്ണെണ്ണയുടെ ആവശ്യകത 25344 കിലോലിറ്ററാണ്.  2020–--21ൽ  11640 കിലോലിറ്ററാണ്‌ ആകെ അനുവദിച്ചത്. 
താങ്ങായി മത്സ്യഫെഡ് 
2015–-16 മുതൽ മത്സ്യഫെഡ്, പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ച്  ഒമ്പതു തീരദേശ ജില്ലകളിലായി 13 മണ്ണെണ്ണ ബങ്കുകൾ വഴി ലിറ്ററിന് 25 രൂപ സബ്സിഡി നിരക്കിൽ സംസ്ഥാന സർക്കാർ നൽകുന്നു. 15,000 പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പ് പെർമിറ്റ് ഉടമകൾകൾക്ക് ഇതിന്റെ പ്രയോജനമുണ്ട്‌. ഒരു പെർമിറ്റിന് എൻജിന്റെ കുതിരശക്തിക്ക്‌ അനുസരിച്ച് ലിറ്ററിന് 140 മുതൽ 190 വരെ ലിറ്റർ മണ്ണെണ്ണയാണ് 25 രൂപ സബ്സിഡിയിൽ അനുവദിച്ചിട്ടുള്ളത്. ഒരുവർഷം മത്സ്യഫെഡ് ബങ്കുകളിൽ കൂടി 20,000 കിലോലിറ്റർ വരെ മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. ലഭ്യത ഉറപ്പുവരുത്തുന്നതിനും ചൂഷണം ഒരുപരിധി വരെ കുറയ്‌ക്കുന്നതിനും മത്സ്യഫെഡ് വഴിയുള്ള വെള്ള മണ്ണെണ്ണ വിതരണം സഹായിക്കുന്നു. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിൽ മത്സ്യഫെഡ് വഴി 25 രൂപ നിരക്കിൽ മണ്ണെണ്ണ  ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നാലു ലക്ഷം രൂപവരെ 
അധികച്ചെലവ്
കഴിഞ്ഞ വർഷം ലോക്ഡൗൺ സമയം ഡീസൽ ലിറ്ററിന് 60–-62 രൂപയായിരുന്നു. ഇപ്പോൾ വില 97 രൂപ. ചെറുബോട്ടിനു ഒരാഴ്ച ആയിരവും വലിയ ബോട്ടിനു മൂവായിരവും ലിറ്റർ ഡീസലാണാവശ്യം. ചെറുബോട്ടിനു കഴിഞ്ഞവർഷം 60,000 രൂപയുടെ ഡീസൽ വേണമായിരുന്ന സ്ഥാനത്ത്‌ നിലവിൽ 93,000 രൂപ വേണം. ഇടത്തരം ബോട്ടിന് 66,000 രൂപ വരെയും വലിയവയ്‌ക്ക് നാലു ലക്ഷം രൂപയുമാണ് അധികച്ചെലവ്. 
ഇന്ധനച്ചെലവ് കഴിഞ്ഞ് കിട്ടുന്നത്‌ തൊഴിലാളികളും ഉടമയും പങ്കിട്ടെടുക്കുന്നതാണ് രീതി. ഇന്ധനവില കുതിക്കുകയും മത്സ്യ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ വൻ തിരിച്ചടിയാണ്‌ മേഖല നേരിടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top