13 December Friday

ഭാര്യയ്ക്കും മകൾക്കുമെതിരെ നോട്ടീസ് വിതരണംചെയ‌്തയാൾ ആത്മഹത്യചെയ‌്ത നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 

എഴുകോൺ
ഭാര്യയും മകളും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നോട്ടീസ് അച്ചടിച്ച‌് വിതരണം ചെയ‌്തശേഷം  ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കുഴിമതിക്കാട്‌ ഭാവനയില്‍ എസ് രവീന്ദ്രന്‍ആചാരി (73)ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.  ഇവർ നിരന്തരം മാനസികമായി പീഡിപ്പിച്ചതായും സ്വത്തുക്കൾ തട്ടിയെടുത്തതായും നാട്ടുകാർക്ക‌് വിതരണംചെയ‌്ത നോട്ടീസിൽ രവീന്ദ്രൻആചാരി പറയുന്നു. 
   ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹവും കുടുംബവും രവീന്ദ്രന് പുനലൂരിൽ  ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ ശേഷമാണ് കുടുംബവുമൊത്ത് കുഴിമതിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസം ആരംഭിച്ചത്. പ്രവാസ ജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് ഭാര്യയുടെപേരിൽ വാങ്ങിയ 67.5 സെന്റ് ഭൂമി രവീന്ദ്രന്റെ അറിവില്ലാതെ ഇവർ വിറ്റിരുന്നു. കുഴിമതിക്കാട്‌ വാങ്ങിയ വീടുംവസ്തുവും മൂത്തമകളുടെ പേർക്ക് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മൂത്തമകളും ഭർത്താവും കേസ് കൊടുത്ത‌് ഉപദ്രവിച്ചതായും പരാമർശമുണ്ട‌്. സമൻസ് വന്നതിനെ തുടർന്ന‌്  പക്ഷാഘാതം വന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞ ആചാരിയെ ഭാര്യയും മകളും തിരിഞ്ഞുനോക്കിയിരുന്നില്ല. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച അനിയന്റെ മക്കളെയും ഇവർ അധിക്ഷേപിച്ച് ഇറക്കിവിട്ടു . പിന്നീട‌്  ഭാര്യയുടെ പരാതിയില്‍  എഴുകോണ്‍ എസ്ഐ സ്റ്റേഷനിൽവച്ച‌് മർദിച്ചെന്നും നോട്ടീസിലുണ്ട‌്. തന്റെ  പേരിലുണ്ടായിരുന്ന വയൽ വിറ്റുകിട്ടിയ ഒമ്പത് ലക്ഷം രൂപ ഭാര്യയ്ക്കും മൂത്തമകള്‍ക്കുമായി നല്‍കിയിരുന്നു. രണ്ടാമത്തെ മകൾക്ക് വിഹിതം നൽകാൻ ഇവർ സമ്മതിച്ചില്ല.   രണ്ട് വർഷമായി വീട്ടിലെ സ്വന്തം മുറിയിൽ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അവിടെത്തന്നെ ആഹാരം പാകം ചെയ്തിരുന്നതും. ഭാര്യയുടെയും മകളുടെയും പീഡനം സഹിക്കാനാകുന്നില്ലെന്നും നാട്ടുകാരെ ഇക്കാര്യങ്ങൾ അറിയിക്കാനാണ‌് ലക്ഷ്യമെന്നും നോട്ടീസിൽ പറയുന്നു. 
  രവീന്ദ്രൻ തന്നെയാണ് മറ്റ് വീടുകളിലും നാട്ടിലും നോട്ടീസ് വിതരണംചെയ്തത്. മൃതദേഹം വീട്ടുവളപ്പിൽ സംസ‌്കരിക്കാൻ കുടുംബം ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട‌് നാട്ടുകാര്‍ പ്രശ‌്നത്തിൽ ഇടപെട്ടതോടെയാണ‌് സംസ‌്കരിക്കാൻ തയാറായത‌്. ഭാര്യയുടെ മൂന്നാം വിവാഹമായിരുന്നു രവീന്ദ്രൻ ആചാരിയുമായിട്ട‌്.  
       എന്നാൽ പൊലീസിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് റൂറല്‍ എസ്‌പി എസ് ഹരിശങ്കര്‍ പറഞ്ഞു.  ഭാര്യയുടെ പരാതിയിൻമേൽ രണ്ടുമാസം മുമ്പ് വിളിപ്പിച്ചിരുന്നെന്നും നോട്ടീസ് ഇറക്കിയതുമായി ബന്ധപ്പെട്ട് ഭാര്യ രണ്ടാമത് നൽകിയ പരാതിയിൽ  സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട ദിവസമാണ് ആത്മഹത്യയെന്നും എസ‌്പി പറഞ്ഞു. സ്പെഷ്യല്‍ബ്രാഞ്ച് അന്വേഷിക്കുമെന്നും എസ് ഹരിശങ്കർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top