30 May Saturday

നിരീക്ഷണത്തില്‍ കഴിഞ്ഞയാൾ നേഴ്‌സുമാരെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ആശ്രാമം വർക്കിങ്‌ വുമൺസ്‌ ഹോസ്‌റ്റലിൽ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞയാൾ തകർത്ത വാതിലിന്റെ ചില്ല്‌

സ്വന്തം ലേഖകന്‍
കൊല്ലം
ആശ്രാമം പിഡബ്ല്യുഡി വനിത ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞയാളുടെ ആക്രമണത്തിൽ നേഴ്‌സുമാർക്ക് പരിക്കേറ്റു. കുണ്ടറ കാഞ്ഞിരോട് മഞ്ജുഭവനിൽ ഹെറാൾഡാണ് അക്രമാസക്തനായത്. നാലു ദിവസം മുമ്പ് മസ്കത്തിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ നാട്ടിൽ കറങ്ങിനടക്കുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആരോഗ്യപ്രവർത്തകർ എത്തിയാണ് ഞായറാഴ്ച വൈകിട്ട് നീരിക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. ഇയാൾ മാനസികാസ്വാസ്ഥ്യത്തിന്‌  മരുന്ന്‌  കഴിക്കുന്നുണ്ടെന്നുള്ളത്‌ വീട്ടുകാർ ആശുപത്രിയിൽ പറഞ്ഞിരുന്നില്ല.   നിരീക്ഷണകേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ചായ ആവശ്യപ്പെട്ട‌പ്പോൾ എത്തിക്കാൻ വൈകിയതാണ്‌ പ്രകോപനത്തിനു കാരണം. തടയാൻചെന്ന ആരോഗ്യപ്രവർത്തകരെയും നേഴ്സുമാരെയും ആക്രമിച്ചു. ഗ്രില്ലിന്‌ ഇടയിലൂടെ ആരോഗ്യപ്രവർത്തകരിൽ ഒരാളുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും നേഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. ജനൽചില്ലും തകർത്തു. കൈ മുറിഞ്ഞെങ്കിലും മരുന്നുവച്ച്‌ കെട്ടാൻ  ഇയാൾ കൂട്ടാക്കിയില്ല. ഇതിനിടെ ആത്മഹത്യാ ഭീഷിണിയും മുഴക്കി. നിരീക്ഷണത്തിൽ കഴിഞ്ഞ  കുണ്ടറ സ്വദേശിക്കും പരിക്കേറ്റു. ജീവനക്കാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്‌ ഹെറാൾഡിനെ മാറ്റി. ഈസ്റ്റ്‌ പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top