25 May Monday

ഭാര്യാ പിതാവിനെ തലയ്ക്കടിച്ചുകൊന്നയാൾക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കൊല്ലം
ഭാര്യാ പിതാവിനെ കൂന്താലിക്കൈ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യാ മാതാവിനേയും ഭാര്യാ സഹോദരിയേയും  ദേഹോപദ്രവം ഏൽപ്പിക്കുകയുംചെയ്ത പ്രതിക്ക്‌ ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ. വെളിനല്ലൂർ ചെങ്കൂർമുറിയിൽ സലിം മൻസിലിൽ ഷാനു എന്നുവിളിക്കുന്ന മുഹമ്മദ് ഷാനെ (29)യാണ്‌ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് എം മനോജ് ശിക്ഷവിധിച്ചത്‌. 
2015 എപ്രിൽ 26നാണ്‌ കേസിനാസ്പദമായ സംഭവം. വെളിനല്ലൂർ ചെങ്കൂർമുറിയിൽ അമ്പലംകുന്നിനു സമീപം റസിയ മൻസിലിൽ അബ്ദുൽസലാം (60) ആണ് കൊല്ലപ്പെട്ടത്. അബ്ദുൽസലാമിന്റെ മൂന്നാമത്തെ മകളുടെ ഭർത്താവാണ് മുഹമ്മദ് ഷാൻ. പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനെയും കാണാൻ ചെന്ന പ്രതി സംഭവദിവസം അബ്ദുൽസലാമിന്റെ മൂത്ത മകൾ റസിയയെ മർദിച്ചു. 
ഇതു തടഞ്ഞ  അബ്ദുൾസലാമിനെ കൂന്താലികൈക്ക് തലയ്ക്ക് രണ്ടുവട്ടം അടിക്കുകയും പിടിച്ചുമാറ്റാൻ ചെന്ന അബ്ദുൽസലാമിന്റെ ഭാര്യ അയിഷാബീവിയെ കൂന്താലികൈകൊണ്ട് അടിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവെയാണ്‌ മരണം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്‌ 20 സാക്ഷികളേയും 40 രേഖകളും മൂന്നു തൊണ്ടിമുതലുകളും ഹാജരാക്കി. കൃത്യത്തിൽ പരിക്കേറ്റ അബ്ദുൽസലാമിന്റെ ഭാര്യ അയിഷാബീവി വിസ്താരവേളയിൽ പ്രതിഭാഗംചേർന്നിരുന്നു. 
പ്രതിയുടെ  അച്ഛൻ സലിം, കൂട്ടുകാരായ സജിൻ ഷാജഹാൻ, നജീം എന്നിവരെ കോടതികുറ്റക്കാരല്ല എന്നുകണ്ട് വെറുതെവിട്ടു.  പൂയപ്പള്ളി പൊലീസ് ചാർജ്‌ചെയ്ത കേസിൽ എഴുകോൺ സിഐ ആയിരുന്ന പി വി രമേശ്‌കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. 
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ കെ മനോജ് കോടതിയിൽ ഹാജരായി.
 
പ്രധാന വാർത്തകൾ
 Top