31 March Tuesday

വെടിയുണ്ട വന്ന വഴിയേത്‌ ?അന്വേഷണ ഏജൻസികൾ പിന്നാലെ

സ്വന്തം ലേഖകൻUpdated: Monday Feb 24, 2020

വെടിയുണ്ടകൾ കണ്ടെത്തിയ കുളത്തപ്പുഴയിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരി പരിശോധന നടത്തുന്നു. റൂറൽ ജില്ലാ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കർ സമീപം

കൊല്ലം> 40 വർഷം പഴക്കമുള്ള 14 വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ എങ്ങനെയെത്തി എന്നതിന്‌ ഉത്തരംതേടി അന്വേഷണ ഏജൻസികൾ. പാക്‌ നിർമിതമാണ്‌ വെടിയുണ്ടകളെന്ന്‌ കേന്ദ്ര ഏജൻസികൾ ഉറപ്പിച്ചാലും അവയെങ്ങനെ ഇവിടെയെത്തി എന്നതാണ്‌ പ്രധാനം. 
 
ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളോ കൊലപാതക സംഘങ്ങളോ വ്യക്തികളോ ഉപയോഗിച്ചതാണോ വെടിയുണ്ടകളെന്ന അന്വേഷണത്തിലാണ്‌ എൻഐഎയും മിലിട്ടറി ഇന്റലിജൻസ്‌ വിഭാഗവും. ഈ വഴിക്കാണ്‌ പൊലീസും പ്രത്യേക അന്വേഷണ സംഘവും നീങ്ങുന്നത്‌. വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമാണെന്നതിന്‌ സംശയം അതിൽ പിഒഎഫ്‌ എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. 
 
പാകിസ്ഥാൻ ഓർഡിനൻസ്‌ ഫാക്ടറിയുടെ ചുരുക്കപ്പേരാണെന്നു കരുതുന്നു. ഉണ്ടകൾ കണ്ടെത്തിയ തിരുവനന്തപുരം–- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപത്തെ സിസിടിവി ക്യാമറകളും മലയോരത്തെ പ്രധാന ജങ്‌ഷനുകളിലെ സിസിടിവി ക്യാമറകളും പൊലീസ്‌ പരിശോധിക്കുകയാണ്‌. വാഹന പരിശോധന രജിസ്റ്ററുകളും  അരിച്ചുപെറുക്കുന്നുണ്ട്‌.  
 
വനമേഖലയും ഇവിടത്തെ വഴികളും അറിയാവുന്നവരായിരിക്കാം ഉണ്ടകൾ ഉപേക്ഷിച്ചതെന്നും സംശയിക്കുന്നുണ്ട്‌.  വഴിയരികിൽ ഉപേക്ഷിച്ചതും ബോധപൂർവമാണെന്ന വിലയിരുത്തലുമുണ്ട്‌. യാത്രക്കാരോ പൊലീസോ ഇവ കാണണമെന്ന്‌ ഉപേക്ഷിച്ചവർക്ക്‌ നിർബന്ധമുണ്ടായിരുന്നു. എന്നാൽ,  കളിയിക്കാവിളയിൽ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച തോക്കിലെ വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ കണ്ടെത്തിയ ഇനത്തിൽപ്പെടുന്നതല്ലന്ന്‌ പൊലീസ്‌ പറഞ്ഞു.  
 
 വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുടെ അടുത്തകാലത്തെ നീക്കങ്ങളും  സംഭവങ്ങളും  ഏജൻസികൾ പരിശോധിക്കുന്നുണ്ട്‌. തിരുവനന്തപുരം–- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപം ഹൈവേ നിർമാണത്തിനായി എടുത്ത മണ്ണിനുമുകളിൽ വെടിയുണ്ടകൾ കണ്ടെത്തിയത് ശനിയാഴ്‌ചയാണ്‌. മടത്തറ സ്വദേശിയായ ടിപ്പർലോറി തൊഴിലാളിയായ ജോഷിയാണ്‌ ഇവ ആദ്യം കണ്ടത്‌.  വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു.
 
12 വെടിയുണ്ട മാലപോലെ കവറിലും രണ്ടെണ്ണം കവറിൽനിന്ന്‌ വേർപെട്ട നിലയിലുമായിരുന്നു. എസ്ഐ ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്  വെടിയുണ്ടകൾ കുളത്തൂപ്പുഴ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. അതിനിടെ പ്രാഥമിക പരിശോധനകൾക്കു- ശേഷം മാത്രമേ കേസ്- ഏറ്റെടുക്കണമോ എന്നതിൽ  എൻഐഎ തീരുമാനമെടുക്കൂ. മിലിട്ടറി ഇന്റലിജൻസ് വിഭാഗം മേജർ മുകേഷും ക്രൈം ബ്രാഞ്ച്‌ എഡിജിപി ടോമിൻ ജെ തച്ചങ്കരിയും തിരുവനന്തപുരം റേഞ്ച്- ഡിഐജി സഞ്-ജയ്- കുമാർ ഗുരുഡിനും സംഭവസ്ഥലം സന്ദർശിച്ചു. കുടുതൽ വിവരങ്ങൾ പുറത്തുപറയുന്നത്‌ അന്വേഷണത്തെ ബാധിക്കുമെന്ന്‌ റൂറൽ ജില്ലാ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top