27 March Monday
ഒന്നരക്കോടിയുടെ നാശനഷ്ടം

ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

സ്വന്തം ലേഖകൻUpdated: Tuesday Jan 24, 2023

കൊല്ലം പള്ളിമുക്കിൽ ഫർണിച്ചർ ഗോഡൗണിന്‌ തീപിടിച്ചപ്പോൾ

കൊല്ലം
പള്ളിമുക്കിൽ ഫർണിച്ചർ ഗോഡൗൺ കത്തിനശിച്ചു. ഒന്നരക്കോടിയുടെ നാശനഷ്ടമുണ്ടായി. ഗോഡൗണിനു സമീപത്തെ വീടിനും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അപകടസമയം ഗോഡൗണിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. പള്ളിമുക്ക് ഹോണ്ട ഷോറൂമിന് പിറകിൽ മുഹമ്മദ്‌ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ബാസ്‌ ഫർണിച്ചർ ഗോഡൗണാണ് കത്തിനശിച്ചത്. രണ്ടുനിലയിലായി ഇരുമ്പിൽ നിർമിച്ച ഷീറ്റുമേഞ്ഞ ഗോഡൗൺ കെട്ടിടം പൂർണമായും കത്തിനശിച്ചു.  ഗോഡൗണിനോട് ചേർന്ന കെട്ടിടങ്ങൾക്കും ഒരു വീടിനും തീപിടിച്ചു. സമീപത്തെ സംസം നഗർ 152 തണ്ടാശേരിൽ വീട്ടിൽ മുഹമ്മദ്‌ ഷാഫിയുടെ വീടിന്റെ മുകൾനില പൂർണമായി കത്തിനശിച്ചു. 
തിങ്കൾ രാവിലെ ഏഴിനാണ്‌ അപകടം. ഗോഡൗണിൽനിന്ന്‌ തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഇവിടെ സൂക്ഷിച്ച കുഷൻ ഫർണിച്ചറുകളിലേക്കും തടി ഉരുപ്പടികളിലേക്കും തീ ആളിപ്പടർന്നത്‌  പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തി. ഇരുമ്പ് അലമാരകൾ ഉൾപ്പടെയുള്ള ഫർണിച്ചറുകൾ ചാരമായി. സമീപത്തെ ഷാഫിയുടെ രണ്ടുനില വീട്ടിലേക്ക് തീപടർന്ന്‌ മതിലുകൾ വിണ്ടുകീറുകയും ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്‌തു. വാട്ടർ ടാങ്കും വീട്ടിലെ വയറിങ്ങും പൊട്ടിത്തെറിച്ചു. വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഗോഡൗണിന് മുന്നിലെ വാഹന ഷോറൂമുകളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് തീപടർന്ന്‌ കേബിളുകളും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കടപ്പാക്കട, ചാമക്കട, പരവൂർ, കുണ്ടറ ഫയർസ്റ്റേഷനുകളിൽനിന്ന്‌ എത്തിയ 10 യൂണിറ്റ്‌ മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടപ്പാക്കട സ്റ്റേഷൻ ഓഫീസർ വി ബൈജു, അസിസ്റ്റന്റ്‌ ഓഫീസർ ജി അനിൽകുമാർ, ചാമക്കട സ്റ്റേഷൻ ഓഫീസർ സുരേഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.  ഇരവിപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും നാട്ടുകാരും തീയണക്കാൻ നേതൃത്വം നൽകി. 
 
രക്ഷാപ്രവർത്തനം ദുഷ്‌കരമായി 
ദേശീയപാതയിൽനിന്ന്‌ 200മീറ്റർ ഉള്ളിലായിരുന്നു ഗോഡൗൺ. അതിനാൽ ഫയർ എൻജിനുകൾക്ക്‌ അകത്തേക്ക്‌ കടക്കാനാകാത്തത്‌ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.  റോഡിൽനിന്ന്‌ ഹോസ്‌ വലിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുഷൻ, തടി ഫർണിച്ചറുകളിലേക്ക്‌ തീ ആളിപ്പടർന്നതും പ്രതിസന്ധി രൂക്ഷമാക്കി. അഗ്നിരക്ഷാവാഹനങ്ങൾ കൂടെക്കൂടെ വെള്ളംനിറച്ച് എത്തിയാണ് തീകെടുത്തിയത്.
 
ഒരു മാസത്തിനിടെ 138 തീപിടിത്തം
സ്വന്തം ലേഖിക
കൊല്ലം
ഒരുമാസത്തിനിടെ ജില്ലയിലുണ്ടായത്‌ വലുതും ചെറുതുമായ 138 തീപിടിത്തം. കടപ്പാക്കട സ്റ്റേഷൻ പരിധിയിലാണ്‌ കൂടുതൽ തീപിടിത്തമുണ്ടായത്‌– -32. കുണ്ടറയിൽ 16, ചാമക്കട–-15, പുനലൂർ–-14. ഇവ ഉൾപ്പെടെ ജില്ലയിൽ 11 ഫയർസ്റ്റേഷനാണുള്ളത്‌. ശേഷിച്ച സ്റ്റേഷനുകളിൽ ശരാശരി 15 വീതം തീപിടിത്തമുണ്ടായി. കഴിഞ്ഞ വർഷം ജില്ലയിൽ 762 തീപിടിത്തം ഉണ്ടായി. മാലിന്യത്തിന്‌ തീയിടുന്നതും സിഗററ്റ്‌ കുറ്റിയിൽനിന്ന്‌ തീ പടരുന്നതുമാണ്‌  മിക്ക തീപിടിത്തങ്ങൾക്കും കാരണമെന്ന്‌ ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ്‌ പറഞ്ഞു. 
 
ശ്രദ്ധിക്കാം
പകൽ 11മുതൽ   മൂന്നുവരെ മാലിന്യങ്ങൾക്ക്‌ തീയിടാതിരിക്കുക. കത്തിക്കുമ്പോൾ അവ പൂർണമായും കത്തിക്കഴിഞ്ഞെന്ന് ഉറപ്പാക്കുക. തീയിടുമ്പോൾ വെള്ളം കരുതണം. തീ പടരുമെന്നു തോന്നിയാൽ ഉടൻ അഗ്നിരക്ഷാസേനയെ അറിയിക്കുക. പഴയ മെത്തകൾ കത്തിക്കുന്നത്‌ ഒഴിവാക്കണം. സിഗരറ്റ് കുറ്റി പോലെ തീ പിടിക്കാൻ ഇടയുള്ള സാധനങ്ങൾ വലിച്ചെറിയാതിരിക്കുക. വൈദ്യുത ലൈനുകൾക്ക്‌ കീഴിൽ തീയിടാതിരിക്കുക. ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരികൾ ഉണ്ടാകുമെന്നതിനാൽ ലൈൻ പരിസരങ്ങളിൽ മാലിന്യം ഒഴിവാക്കുക. വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നിടത്തും വയലുകളിലും തീയിടാതിരിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top