29 January Saturday

ഇന്ധനക്കൊള്ളയ്ക്കെതിരെ ഇന്ന് ജനകീയ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
കൊല്ലം
ജീവിതത്തിന്റെ സമ​ഗ്രമേഖലയെയും പൊള്ളിക്കുന്ന കേന്ദ്രസർക്കാരിന്റെ ഇന്ധന നികുതിക്കൊള്ളയ്ക്കെതിരെ ചൊവ്വാഴ്ച ജനകീയ പ്രതിഷേധമുയരും. ഏരിയ കേന്ദ്രങ്ങളിലും ജില്ലാകേന്ദ്രത്തിലും രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് സിപിഐ എം സത്യഗ്രഹസമരം. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെ രാജ്യമാകെ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സമരം. 200പേർ വീതം ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. ബ്രാഞ്ചുകളിൽനിന്ന് പ്രവർത്തകർ പ്രകടനമായെത്തും.  
മാസങ്ങൾക്കിടെ 30 രൂപയിലേറെയാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പാചകവാതക വില അടുക്കളകളുടെ താളം തെറ്റിച്ചു. മണ്ണെണ്ണവില വർധന പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചു. അടിസ്ഥാന നികുതിയുടെ ഏഴും എട്ടും ഇരട്ടിയാണ് കേന്ദ്രം സെസ് പിരിക്കുന്നത്. ഇന്ധനനികുതി ഒരു പൈസപോലും സംസ്ഥാന സർക്കാർ വർധിപ്പിച്ചിട്ടില്ല. എന്നാൽ, സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഈ കള്ളപ്രചാരണങ്ങളെ സമരത്തിൽ തുറന്നുകാട്ടും. 
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അയത്തിൽ പോസ്റ്റ്ഓഫീസിനു മുന്നിൽ സമരം ഉദ്ഘാടനംചെയ്യും. കെ രാജഗോപാൽ ചിന്നക്കട, പി രാജേന്ദ്രൻ കുണ്ടറ മുക്കട, കെ വരദരാജൻ ചാത്തന്നൂർ, കെ സോമപ്രസാദ് എഴുകോൺ, സൂസൻകോടി കടയ്ക്കൽ, എം എച്ച് ഷാരിയർ ചവറ, എസ് ജയമോഹൻ കൊട്ടാരക്കര, ജോർജ് മാത്യൂ കരുനാഗപ്പള്ളി, എക്സ് ഏണസ്റ്റ് ഓയൂർ, പി എ എബ്രഹാം അഞ്ചൽ, എം ഗംഗാധരക്കുറുപ്പ് ശൂരനാട് കുറ്റിപ്പുറം, പ്രസന്ന ഏണസ്റ്റ് പുനലൂർ, സി ബാൾഡുവിൻ ശാസ്താംകോട്ട, എൻ സന്തോഷ് കൊട്ടിയം പോസ്റ്റ്‌ഓഫീസുകൾക്കു മുന്നിലും എം ശിവശങ്കരപ്പിള്ള തൃക്കടവൂർ ബൈപാസ് ജങ്‌ഷനിലും പി കെ ഗോപൻ കുന്നിക്കോട് ബിഎസ്എൻഎൽ ഓഫീസിനു മുന്നിലും എം നൗഷാദ് എംഎൽഎ പത്തനാപുരം ടൗണിലും ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top