21 October Wednesday

തളിർക്കും; ഒന്നല്ല, 169 ലൈഫ്‌

സ്വന്തം ലേഖകന്‍Updated: Wednesday Sep 23, 2020
കൊല്ലം
എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ ജില്ലയിൽ 169 കുടുംബങ്ങളുടെ ജീവിതം തളിർക്കും. മൂന്നിടത്തായി തുടങ്ങുന്ന 169 ഫ്ലാറ്റുകളുടെ ‌നിർമാണം വ്യാഴാഴ്‌ച പകൽ 11.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. 23.01 കോടി രൂപ ചെലവിലാണ്‌ ആധുനികസൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകളുടെ നിർമാണം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നിർമാണം. ലൈഫ്‌ മൂന്നാംഘട്ടത്തിലെ ഭൂ –-ഭവനരഹിതരാണ്‌ പദ്ധതി ഗുണഭോക്‌താക്കൾ.
പടിഞ്ഞാറെ‌കല്ലട പഞ്ചായത്തിലെ പുതുശേരിമുകളിൽ നിർമിക്കുന്ന ഭവനസമുച്ചയത്തിന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും അഞ്ചൽ തഴമേലിൽ മന്ത്രി കെ രാജുവും കൊല്ലം നഗരസഭയിലെ മുണ്ടയ്‌ക്കലിൽ‌ എം നൗഷാദ്‌ എംഎൽഎയും ശിലയിടും. ലൈറ്റ്‌ ഗേജ്‌ സ്റ്റീൽ ഫെയിം (എൽജിഎസ്‌എഫ്‌)പ്രീഫാബ്‌ സാങ്കേതികവിദ്യയിലാണ്‌ നിർമാണം. 
രണ്ട്‌ ബെഡ്‌റൂം, ഹാൾ, അടുക്കള, ശുചിമുറി എന്നിവയോടുകൂടിയ 487 ചതുരശ്രഅടി വിസ്‌തീർണമുള്ള ഫ്ലാറ്റുകളാണ്‌ നിർമിക്കുന്നത്‌. ഓരോ ഭവനസമുച്ചയങ്ങളിലും അങ്കണവാടി, മുതിർന്നവർക്കുള്ള പ്രത്യേകമുറി, സിക്ക്‌റൂം, കോമൺ ഫെസിലിറ്റി സെന്റർ, മലിനജല ശുചീകരണ പ്ലാന്റ്‌, സൗരോർജ സംവിധാനം, കളിസ്ഥലം, ചുറ്റുമതിൽ എന്നിവയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top