18 September Wednesday

തിരക്കിലാണ്‌, ഡയാലിസിസ്‌ കേന്ദ്രം

സ്വന്തം ലേഖികUpdated: Friday Aug 23, 2019

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ്‌ യൂണിറ്റ്‌

 

കൊല്ലം
കഴുത്തറപ്പൻ ഫീസില്ല, ഒരേസമയം 20 ആളുകൾക്ക്‌ ഡയാലിസിസ്‌ ചെയ്യാനുള്ള സൗകര്യം. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ്‌ കേന്ദ്രത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. മാസം ശരാശരി 1000പേരാണ്‌ ആധുനിക ഡയാലിസിസ്‌ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്നത്‌. കഴിഞ്ഞമാസം മാത്രം 1207പേർ ഡയാലിസിസ്‌ ചെയ്‌തു. 
മരുന്നുൾപ്പെടെ 750രൂപ ആശുപത്രിക്ക്‌ ചെലവു വരുന്ന ഒരു ഡയാലിസിസിന്‌ സ്വകാര്യ ആശുപത്രികൾ 1200 രൂപയാണ്‌ ഈടാക്കുന്നത്‌. ജില്ലാ ആശുപത്രിയിലാകട്ടെ ബിപിഎൽ, എപിഎൽ കാർക്ക്‌ യഥാക്രമം 350, 550 രൂപയാണ്‌ ഈടാക്കുന്നത്‌. നാലുവർഷത്തിനിടെ 42,000പേർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ്‌ ചെയ്‌തു. 
കാരുണ്യ ഉൾപ്പെടെയുള്ള ഇൻഷുറൻസ്‌ പദ്ധതികളിൽ അംഗങ്ങളായവർക്കും ജില്ലാ പഞ്ചായത്തിന്റെ ജീവനം കിഡ്‌നി ഫൗണ്ടേഷനിൽ അംഗങ്ങളായവർക്കും ഡയാലിസിസ്‌ സൗജന്യമാണ്‌. ചികിത്സയ്ക്ക്‌ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ രണ്ട്‌ ഷിഫ്‌ടിലായിരുന്ന സെന്ററിന്റെ പ്രവർത്തനം മൂന്നാക്കി ഉയർത്തി. രാവിലെ എട്ട്‌ മുതൽ രാത്രി എട്ടുവരെയാണ്‌ പ്രവർത്തനം. രണ്ടരക്കോടി രൂപ വിനിയോഗിച്ചാണ്‌ സർക്കാർ ജില്ലാ ആശുപത്രിയിൽ ചികിത്സാ സൗകര്യം ഒരുക്കിയത്‌. എന്നാൽ, രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട്‌ ലഭ്യമാക്കി കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്‌.   
483 സൗജന്യ ഡയാലിസിസുകൾ
 ജില്ലയിലെ വൃക്കരോഗികളുടെ സമഗ്ര പരിചരണത്തിനായി കൊല്ലം ജില്ലാപഞ്ചായത്ത്‌ രൂപീകരിച്ച  ജീവനം കിഡ്-നി വെൽഫെയർ ഫൗണ്ടേഷൻ നേതൃത്വത്തിൽ സൗജന്യ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. 
ഏപ്രിൽ ഒന്നിന്‌ ആരംഭിച്ച പദ്ധതിയിലൂടെ 483 സൗജന്യ ഡയാലിസിസുകളാണ്‌ നടത്തിയത്‌. ഇതിന്‌ ചെലവായ 2.65 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ നൽകി. ദിനംപ്രതി 60നു മുകളിൽ ആളുകൾ സൗജന്യ ഡയാലിസിസിനു വിധേയമാകുന്നു. 
700 രോഗികളാണ്‌ ഇതുവരെ ഡയാലിസിസിനായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ജീവനം കിഡ്-നി വെൽഫെയർ ഫൗണ്ടേഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി, കടയ്-ക്കൽ, നീണ്ടകര, കൊട്ടാരക്കര താലൂക്കാശുപത്രി എന്നിവിടങ്ങളിലും സൗജന്യ ഡയാലിസിസ്‌ പദ്ധതി ആരംഭിക്കും.  
വേണം നെഫ്രോളജി വിഭാഗം
ജില്ലാ ആശുപത്രിയിലെത്തുന്ന വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ നെഫ്രോളജി വിഭാഗം പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമാണ്‌. 
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സതേടി അവിടെനിന്നു റഫർ ചെയ്യുന്നവർക്കാണ്‌ നിലവിൽ ഇവിടെ ഡയാലിസിസ്‌ നൽകുന്നത്‌. എന്നാൽ, നെഫ്രോളജി വിഭാഗം തുടങ്ങിയാൽ രോഗികൾക്ക്‌ തിരുവനന്തപുരത്ത്‌ പോകുന്നത്‌ ഒഴിവാക്കാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top