16 September Monday

കൊല്ലം പറയും വിവിധ ഭാഷകൾ; പഠനകേന്ദ്രം ഒരുങ്ങുന്നു

സ്വന്തം ലേഖികUpdated: Friday Aug 23, 2019
കൊല്ലം
രാജ്യത്തെ വിവിധ ഭാഷകൾ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുന്ന പഠനകേന്ദ്രം ജില്ലയിൽ ഒരുങ്ങുന്നു. ഐക്യരാഷ്‌ട്ര സംഘടന 2019 തദ്ദേശ ഭാഷാ വർഷമായി ആചരിക്കുന്നതിന്റെ ചുവടുപിടിച്ചാണ്‌ ജില്ലാ പഞ്ചായത്ത്‌ നൂതന പദ്ധതി ആവിഷ്‌കരിച്ചത്‌. സംസ്‌കൃതം, തമിഴ്‌, ഹിന്ദി വിഷയങ്ങളാണ്‌ ആദ്യഘട്ടം ഇവിടെ പഠിപ്പിക്കുക. പ്രായഭേദമെന്യേ എല്ലാവർക്കും അവസരമൊരുക്കും. 
ഉദ്യോഗസ്ഥരെക്കൂടി ലക്ഷ്യമിടുന്ന ക്ലാസ്‌ രാവിലെയും വൈകിട്ടും ഷിഫ്‌ട്‌ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുക. ജില്ലാ പഞ്ചായത്ത്‌ ഓഫീസിനോട്‌ അനുബന്ധിച്ച കെട്ടിടത്തിലാണ്‌ പഠനകേന്ദ്രം. വരും വർഷം മറ്റ്‌ ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്തി പഠനകേന്ദ്രം വിപുലീകരിക്കും. 
അധ്യാപനത്തിനായി അഭിമുഖം നടത്തി അധ്യാപകരെ കണ്ടെത്തും. ഇവർക്ക്‌ പ്രതിമാസ ഹോണറേറിയം നൽകും. രണ്ടാംഘട്ടത്തിൽ വിദേശ ഭാഷ കൂടി കൊല്ലക്കാർക്ക്‌ സ്വായത്തമാക്കാൻ അവസരമൊരുക്കാനും പദ്ധതിയിടുന്നുണ്ട്‌. 
പാഠപുസ്‌തകങ്ങൾ, ഡിക്‌ഷണറികൾ എന്നിവ വാങ്ങുന്നതിനുൾപ്പെടെ അഞ്ചു ലക്ഷം രൂപയാണ്‌ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്‌. സെപ്‌തംബറിൽ ക്ലാസ്‌ തുടങ്ങുകയാണ്‌ ലക്ഷ്യം. 
ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലുടമകൾക്കും മികച്ച അവസരമാണ്‌ ഭാഷാ പഠനകേന്ദ്രം ഒരുക്കുന്നത്‌. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ കോഴ്‌സ്‌ സർട്ടിഫിക്കറ്റും ലഭ്യമാക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top