24 February Sunday
‘എന്റെ പുതുവസ്ത്രം ഇവര്‍ക്കായി, നമുക്കൊരുക്കാം ദുരിതബാധിതരെ’

ദുരിതബാധിതർക്കായി പുതുവസ്‌ത്ര പ്രവാഹം

സ്വന്തം ലേഖകന്‍Updated: Thursday Aug 23, 2018

കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പെരുന്നാൾക്കോടി ഏറ്റുവാങ്ങുന്നു

കൊല്ലം
പ്രളയദുരന്തം നേരിട്ട ജനങ്ങൾക്ക് ആശ്വാസം നൽകാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനർനിർമിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന്   സിപിഐ എം .  ദശലക്ഷക്കണക്കിന് മനുഷ്യരെ  ദുരിതത്തിൽനിന്ന്  കരകയറ്റാനും നാടിനെ വീണ്ടെടുക്കാനും ഒരുമിച്ച് നീങ്ങാനുള്ള സന്ദേശവുമായി സിപിഐ എം ജില്ലയിൽ മാത്യകാ പദ്ധതികൾ ഏറ്റെടുക്കുന്നു.ഓണക്കോടിയും പെരുന്നാൾക്കോടിയും ശേഖരിച്ച് ദുരിതബാധിതർക്ക് നൽകാനുള്ള ദ്വിദിനപ്രവർത്തനങ്ങളുമായി ജില്ലയിലെ മൂവായിരം  പാർടി ഘടകങ്ങളിൽനിന്നുള്ള അംഗങ്ങളും അനുഭാവികളും പാർടി ബന്ധുക്കളും   ബുധനാഴ്ച നാടും നഗരവും ഭേദമില്ലാതെ വീടുകളിലും സ്ഥാപനങ്ങളിലും എത്തി.  
എന്റെ  പുതുവസ്ത്രം ഇവർക്കായി, നമുക്കൊരുക്കാം ദുരിതബാധിതരെ എന്ന സന്ദേശവുമായാണ്  സിപിഐ എം പ്രവർത്തകർ പെരുന്നാൾ ദിനത്തിൽ ഭവനസന്ദർശനത്തിനിറങ്ങിയത്. എല്ലാം നഷ്ടപ്പെട്ടവർക്ക് അന്നവും വസ്ത്രവും നൽകി സഹായവഴികൾ തുറക്കാൻ നാടാകെ ഒറ്റമനസ്സായി ഒരുമിക്കുന്ന സന്ദർഭത്തിൽ അഞ്ചു ലക്ഷം കുടുംബങ്ങൾ സന്ദർശിച്ച് പുതുവസ്ത്രങ്ങളും  അവശ്യസാധനങ്ങളും ശേഖരിച്ച് കുടുതൽ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ് പാർടി ലക്ഷ്യമിടുന്നത്.  പാർടി വളന്റിയർമാരുടെ സന്ദർശനത്തിന് ആദ്യദിനം എല്ലായിടത്തും മികച്ച പ്രതികരണം ലഭിച്ചു. ആയിരക്കണക്കിന് ഓണക്കോടിയും പെരുന്നാൾക്കോടിയും അവശ്യസാധനങ്ങളും പൊതുജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സമാഹരിച്ചു. സാരി , നൈറ്റി, ലുങ്കി, മുണ്ട്, ഷർട്ട് , പുതപ്പുകൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്നിവ   ശേഖരിച്ച കൂട്ടത്തിലുണ്ട്. എന്റെ  പുതുവസ്ത്രം എന്റെ  കൂട്ടുകാരന്, എന്റെ  പുതുവസ്ത്രം എന്റെ  കൂട്ടുകാരിക്ക് എന്ന സന്ദേശമുയർത്തി ബാലസംഘം കൂട്ടുകാരും ജില്ലയിലെ വിവിധ  ഏരിയകളിൽ  ദുരിതബാധിതർക്ക് കൈത്താങ്ങായി. 
കൊല്ലം, കൊല്ലം ഈസ്റ്റ് , കൊട്ടിയം ഏരിയകളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്റെ നേത്യത്വത്തിൽ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെത്തി പുതുവസ്ത്രം ശേഖരിച്ചു. കൊല്ലം ജോനകപ്പുറം വലിയപള്ളിയിൽ  എത്തിയ സിപിഐ എം ജില്ലാ സെക്രട്ടറിക്ക് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും പള്ളി ഇമാമുമായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി  പെരുന്നാൾക്കോടി നൽകി. ക്വയിലോൺ മെഡിക്കൽ ട്രസ്റ്റ് സെക്രട്ടറിയും ഹസീന കാഷ്യൂ ഉടമയുമായ അബ്ദുൾസലാം പള്ളിമുക്കിലെ വീട്ടിൽവച്ച‌് പുതുവസ്ത്രങ്ങൾ  എസ‌് സുദേവന് കൈമാറി. മയ്യനാട്ടെ  തോപ്പിൽ വീട്ടിൽ മുൻ മുഖ്യമന്ത്രി സി കേശവന്റെ മകൾ ഇന്ദിരക്കുട്ടി  തന്റെയും ബന്ധുക്കളുടെയും ഓണക്കോടി ഏൽപ്പിച്ചു. ജനകീയ ഇടപെടലുകളുടെ മാതൃക സൃഷ്ടിക്കുന്ന സിപിഐ എം  ദുരിതബാധിതർയിക്കാ ഏറ്റെടുത്ത കർമപരിപാടിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിന്റെ  സന്തോഷം എല്ലാവരും  പങ്കുവച്ചു.  എം നൗഷാദ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എക്‌സ് ഏണസ്റ്റ് എന്നിവർ  സുദേവന് ഒപ്പമുണ്ടായിരുന്നു. 
ജോനകപ്പുറം വലിയപള്ളിയിൽ നടന്ന ചടങ്ങിൽ സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക്ബാൽ, ഏരിയകമ്മിറ്റി അംഗങ്ങളായ അഡ്വ. ഇ ഷാനവാസ്ഖാൻ, അഡ്വ. എ കെ സവാദ് എന്നിവർ പങ്കെടുത്തു. അബ്ദുൾസലാമിന്റെ  വസതിയിൽ സിപിഐ എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എസ് പ്രസാദ്, എം സജീവ്, എൻ ജയലാൽ, സഹൃദയൻ, റഷീദ് എന്നിവരും മയ്യനാട്ട് സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ്, ഡി ബാലചന്ദ്രൻ, അബ്ദുൾ അസീസ്, എൻ ലക്ഷ്മണൻ, അനിൽകുമാർ, ലെസ്‌ലി ജോർജ് എന്നിവരും പങ്കെടുത്തു. 
 18 ഏരിയകളിലും പുതുവസ്ത്രശേഖരം നടന്നു. വ്യാഴാഴ്ച ക്യാമ്പയിൻ തുടരും.   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകാൻ പ്രാദേശിക തലത്തിൽ പാർടി ഘടകങ്ങൾ വഴി കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചത് വൻ വിജയമായിരുന്നു.
പ്രധാന വാർത്തകൾ
 Top