17 February Sunday

കാണികളും കളിക്കാരും ഒന്നാകുന്ന സീതക്കളി വീണ്ടും അരങ്ങത്ത്

സ്വന്തം ലേഖകന്‍Updated: Wednesday Aug 23, 2017

കൊല്ലം > അന്യംനിന്നുപോയ കലാരൂപം സീതക്കളി വീണ്ടും ഓണത്തിന് പെരിനാടിന്റെ മണ്ണില്‍ പുനരാവിഷ്ക്കരിക്കപ്പെടുന്നു. നൂറ്റാണ്ടുകളുടെ പഴമയേറിയ മലയാളത്തിന്റെ ഈ തനത് കല ദേശിംഗനാടിന്റെ പല ഭാഗത്തും ഓണക്കാലത്ത് സജീവമായിരുന്നു. ഒരു വീട്ടുമുറ്റത്ത് നിന്നും മറ്റൊരു വീട്ടുമുറ്റം എന്നവിധമായിരുന്നു പഴയകാലത്ത് സീതക്കളിയുടെ അരങ്ങേറ്റം.
ദളിത് വിഭാഗങ്ങളുടെ ഒത്തുചേരലും കൂട്ടായ്മയും തീര്‍ത്ത സീതക്കളി പിന്നീട് ജാതി-മത-വര്‍ഗ വര്‍ണ വിവേചനങ്ങള്‍ക്ക് അതീതമായി ജനകീയ കലാരൂപമായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ കേരളത്തിന്റെ പല തനതുകലകള്‍ക്കും സംഭവിച്ചതുപോലെ സീതക്കളിയും പടിപടിയായി അപ്രത്യക്ഷമായി. അത്തം മുതല്‍ തിരുവോണം വരെയായിരുന്നു പണ്ടുകാലത്ത് സീതക്കളി. രാമായണ കഥയിലെ വനയാത്ര മുതല്‍ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആശാന്‍മാര്‍ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാര്‍ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്ന സീതക്കളിക്ക് കാഴ്ചക്കാര്‍ ഏറെയായിരുന്നു. നാരദന്‍, ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, കൈകേയി, മന്ഥര, ദശരഥന്‍, ശൂര്‍പ്പണഖ, രാവണന്‍, പൊന്മാന്‍, ഹനുമാന്‍ തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും പെരിനാട്ട് വീണ്ടും രംഗപ്രവേശനം ചെയ്യുകയാണ്. ചെറുമൂട് വിജശ്രീ ആര്‍ട്സ് ക്ളബാണ് അവതരണം. പെരിനാട് പഞ്ചായത്തും ഈ കലാരൂപത്തെ പുനരാവിഷ്ക്കരിക്കാന്‍ സജീവം.
പഴമ ചോരാതെയും എന്നാല്‍ സ്വാഭാവികമായും വന്നുചേരുന്ന പുതിയ കാലത്തിന്റെ കൂട്ടിച്ചേരല്‍ വരുത്തിയുമാണ് കാണികളും കളിക്കാരും ഒന്നാകുന്ന സീതക്കളിയുടെ പുനരാവിഷ്ക്കാരം. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന കലാരൂപത്തെ അണിയിച്ചൊരുക്കുന്നത് 25 കലാകാരന്‍മാര്‍ ഒത്തുചേര്‍ന്നാണ്. അരങ്ങത്ത് വേഷമണിയുന്നത് 17 പേരും. തിരക്കഥാകൃത്തും നാടക പ്രവര്‍ത്തകനുമായ ടി എന്‍ ഷാജിമോന്‍ സീതക്കളിക്ക് രംഗഭാഷ ഒരുക്കും.

 

പ്രധാന വാർത്തകൾ
 Top