ചവറ
നീണ്ടകര താലൂക്കാശുപത്രിയിൽ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. നീണ്ടകര പരിമണം വിജയ് ഭവനിൽ വിഷ്ണു (29, പാച്ചു), നീണ്ടകര പി വി ഭവനിൽ അഖിൽ (29), നീണ്ടകര വടക്കേ മുരിക്കിനാൽ വീട്ടിൽ രതീഷ് (38) എന്നിവരെയാണ് കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം മൈലക്കാട്ടുള്ള ഒളിസങ്കേതത്തിൽനിന്നാണ് പിടികൂടിയത്. ആക്രമണത്തിൽ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് നഴ്സുമാരായ ശ്യാമിലി, ശാലിനി, അറ്റൻഡർ ഷീജ, നഴ്സിങ് അസിസ്റ്റന്റ് സുനിൽ കാർഡോസ്, സെക്യൂരിറ്റി ജീവനക്കാരനായ ശിവശങ്കരപ്പിള്ള എന്നിവർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ഞായർ രാത്രി വിഷ്ണുവിന്റെ അമ്മ ഉഷയെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ചികിത്സയ്ക്ക് താമസം നേരിട്ടു എന്ന പേരിൽ അന്നു വിഷ്ണുവും ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ആശുപത്രി ജീവനക്കാർ ഇതുസംബന്ധിച്ച് ചവറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തിയ പൊലീസ് പ്രശ്നം ഉണ്ടാക്കിയത് വിഷ്ണുവാണെന്നു മനസ്സിലാക്കി വീട്ടിലെത്തിയെങ്കിലും ഇയാൾ വീട്ടിൽ ഇല്ലായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന്റെ വിരോധത്തിൽ ചൊവ്വ രാത്രി 9.30ന് സുഹൃത്തുക്കളായ അഖിലിനെയും രതീഷിനെയും കൂട്ടി വിഷ്ണു ആശുപത്രിയിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് ഫാർമസി തല്ലിത്തകർക്കുകയും അവിടെ സൂക്ഷിച്ചിരുന്ന മരുന്നുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് മൂവർ സംഘം ഒളിവിൽ പോകുകയായിരുന്നു.
കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ്കുമാറിന്റെയും സ്പെഷ്യൽ ബ്രാഞ്ച് എസിപി കെ അശോകകുമാറിന്റെയും നേതൃത്വത്തിൽ ഇന്റലിജൻസ്, ഇൻവെസ്റ്റിഗേഷൻ, സൈബർ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ചവറ ഇൻസ്പെക്ടർ എ നിസാമുദീൻ, എസ്ഐമാരായ ആർ ജയകുമാർ, ജിബി, നൗഫൽ, നജീബ്, എഎസ്ഐ ബൈജു പി ജെറോം, എസ്സിപിഒ സജു, സീനു, മനു, രിപു, രതീഷ്, സിപിഒ നെത്സൺ, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..