കൊല്ലം
അഷ്ടമുടിക്കായൽ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നിരീക്ഷണ സംവിധാനം വേണമെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി. കായലിനോട് ചേർന്ന തദ്ദേശസ്ഥാപനങ്ങൾ സംയുക്തമായി ബഹുമുഖ കർമപദ്ധതികൾ നടപ്പാക്കണം. തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെത്തിക്കേണ്ടതുണ്ട്. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ കെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഷ്ടമുടി സംരക്ഷണത്തിന് വിവിധ വകുപ്പുകൾ ചെയ്യുന്ന പ്രവർത്തനങ്ങളും വിലയിരുത്തി.
സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ സമിതി വേണം. കായലിനു ചുറ്റുമുള്ള ജലസ്രോതസ്സുകളിലെ വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിനെയും മാലിന്യസംസ്കരണത്തിനായി സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ തദ്ദേശസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.
സിറ്റിങ്ങിൽ വൈകിയെത്തുകയും വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യാത്ത നീണ്ടകര പഞ്ചായത്ത് സെക്രട്ടറിയെ സമിതി ശാസിച്ചു.സിറ്റിങ്ങിൽ സമിതി അംഗങ്ങളായ കെ ഡി പ്രസേനൻ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, കലക്ടർ അഫ്സാന പർവീൺ, എഡിഎം ബീനാറാണി, സബ് കലക്ടർ ചേതൻ കുമാർമീണ, ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, പരിസ്ഥിതി നോഡൽ ഓഫീസർ ബി ശ്രീകുമാർ, കൊല്ലം കോര്പറേഷൻ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങളിൽനിന്നും പരിസ്ഥിതി പ്രവർത്തകരിൽനിന്നും നിവേദനങ്ങൾ സ്വീകരിച്ചു.കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം, കുരീപ്പുഴ ചണ്ടിഡിപ്പോ, എന്നിവിടങ്ങളിൽ എംഎൽഎമാരായ ഇ കെ വിജയൻ, കെ ഡി പ്രസേനൻ, യു പ്രതിഭ എന്നിവർ സന്ദർശനം നടത്തി.
റിപ്പോർട്ട്
അടുത്ത സമ്മേളനത്തിൽ
അഷ്ടുമുടിക്കായൽ മലിനീകരണവും സംരക്ഷണവും സംബന്ധിച്ച റിപ്പോർട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് പരിസ്ഥിതി സമിതി അധ്യക്ഷൻ ഇ കെ വിജയൻ എംഎൽഎ ദേശാഭിമാനിയോട് പറഞ്ഞു. ഇതിനായി സമിതി യോഗം ചേരും. ലഭിച്ച പരാതികളിൽ അതത് വകുപ്പുകളിൽനിന്ന് റിപ്പോർട്ട് തേടും. തുടർനടപടി സ്വീകരിക്കും. ലിങ്ക് റോഡ് പരിസരം ഉൾപ്പെടെ നഗരത്തോട് ചേർന്ന മേഖലകളിൽ കായലിൽ മാലിന്യം രൂക്ഷമാണ്. സാമ്പ്രാണിക്കോടിയിൽ ഡിടിപിസിയുടെ അടക്കം നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടതുണ്ട്. കോളിഫോം ബാക്ടീരിയ സംബന്ധിച്ച് കൃത്യമായി ഇടവേളകളിൽ പരിശോധന വേണം. കായലിലേക്കുള്ള തോടുകൾ മാലിന്യമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..